സിക വൈറസിന്‍െറ ഘടന തിരിച്ചറിഞ്ഞു

ന്യൂയോര്‍ക്: ബ്രസീല്‍ ഉള്‍പ്പെടെ 33 രാജ്യങ്ങളില്‍ വന്‍ ഭീതിവിതച്ച സിക വൈറസിന്‍െറ ഘടന ഇതാദ്യമായി ശാസ്ത്രലോകം തിരിച്ചറിഞ്ഞു. അമേരിക്കയിലെ പാര്‍ദുവെ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. ഇതോടെ, സിക വൈറസിനെ പ്രതിരോധിക്കുന്ന വാക്സിനുകള്‍ വികസിപ്പിക്കുന്നതു സംബന്ധിച്ച ഗവേഷണങ്ങള്‍ കൂടുതല്‍ സജീവമാകും.
വൈറസിന്‍െറ ഘടന മനസ്സിലാക്കുന്നതോടെ, അത് രോഗം പരത്തുന്നത് എങ്ങനെയാണെന്നും മറ്റും കൃത്യമായി അറിയാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. റിച്ചാര്‍ഡ് കൂന്‍ പറഞ്ഞു. ഇതുവരെയും ഈ വൈറസിനെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമായിരുന്നു ഗവേഷകര്‍ക്ക് അറിവുണ്ടായിരുന്നത്. പുതിയ കണ്ടത്തെലോടെ, ഇതിനെ പ്രതിരോധിക്കാവുന്ന വാക്സിനുകളും എളുപ്പത്തില്‍ വികസിപ്പിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചികുന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവക്കു കാരണമായ ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകള്‍ വഴിയാണ് സിക വൈറസുകള്‍ പകരുന്നത്. വൈറല്‍ പനിക്കു സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് സിക ബാധിച്ചാലും കാണുക.
ഗര്‍ഭിണികളില്‍ സിക വൈറസ് കടന്നാല്‍, അത് കുഞ്ഞുങ്ങളെയും ബാധിക്കും. ഇത്തരത്തില്‍, ബ്രസീലില്‍ വലിപ്പം കുറഞ്ഞ തലയോട്ടിയോടെ നിരവധി കുഞ്ഞുങ്ങള്‍ ജനിച്ചതോടെയാണ് ഈ വൈറസ് എത്രമാത്രം മാരകമാണെന്ന് ലോകം തിരിച്ചറിഞ്ഞത്. ഇതിനകം 33 രാജ്യങ്ങളില്‍ ഈ വൈറസിന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരിയില്‍ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.