ഗസ്സ സിറ്റി: ലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർഥികൾക്ക് ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെ എത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഗസ്സയിലെ ആസ്ഥാനം ഇസ്രായേൽ ആക്രമണത്തിൽ തകർന്നു. ഫലസ്തീൻ അഭയാർഥികൾക്കുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ കെട്ടിടമാണ് നിലംപരിശാക്കിയത്.
ഞെട്ടിക്കുന്നതും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ശക്തമായ ലംഘനവുമാണിതെന്ന് ഏജൻസി തലവൻ ഫിലിപ്പ് ലസ്സാറിനി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ കെട്ടിടങ്ങൾ ഒരിക്കലും ആക്രമിക്കരുതെന്നും എല്ലാ കാലത്തും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യോമാക്രമണത്തിൽ കെട്ടിടം നിലംപതിച്ചതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമമായ ‘എക്സ്’ൽ പങ്കുവെച്ചു.
ഗസ്സ മുനമ്പ്, വെസ്റ്റ് ബാങ്ക്, ജോർഡൻ, സിറിയ, ലബനാൻ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർഥികൾക്ക് വിദ്യാഭ്യാസ, ആരോഗ്യ സഹായവും നൽകുന്ന ഏജൻസിയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഒക്ടോബറിന് ശേഷം ഗസ്സയിലെ സഹായ പ്രവർത്തനങ്ങളുടെ നട്ടെല്ലാണ് ഈ ഏജൻസി.
ഇസ്രായേൽ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഈ ഏജൻസിയെ പിരിച്ചുവിടണമെന്ന് നിരവധി കാലമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവശ്യപ്പെടുന്നുണ്ട്. യു.എൻ.ആർ.ഡബ്ല്യു.എ ഭീകര സംഘടനയാണെന്ന് പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ പാർലമെന്റ്.
ഒക്ടോബർ ഏഴ് മുതൽ ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ 38,664 പേർ കൊല്ലപ്പെടുകയും 89,097 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരു സ്ത്രീയും മുൻ ബന്ദികളുമുൾപ്പെടെ വെസ്റ്റ് ബാങ്കിൽനിന്ന് 15 ഫലസ്തീനികളെ ഇസ്രായേൽ അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണർ സൊസൈറ്റി അറിയിച്ചു. ഒക്ടോബറിന് ശേഷം ആയിരക്കണക്കിന് ഫലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.