പ്രസിഡന്റ് സ്ഥാനാർഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; വൈസ് ​പ്രസിഡന്റ് സ്ഥാനാർഥിയായി 39കാരൻ ജെ.ഡി. വാൻസ്

ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. ഒഹിയോവിൽനിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റർ ജെ.ഡി. വാൻസാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. വെടിവെയ്പിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്.

സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ മറികടന്നാണ് 39കാരനായ വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നത്. നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപിന്റെ അടുത്തയാളാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുന്നയാളാണ് വാൻസ്‌. സമഗ്ര കൂടിയാലോചനകൾക്ക് ശേഷമാണ് വാൻസിനെ തെരഞ്ഞെടുത്തതെന്ന് ഡൊണാൾഡ് ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. യു.എസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ.

ഒഹിയോവിലെ മിഡിൽടൗണിൽ ജനിച്ച വാൻസ് യു.എസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്ന് ബിരുദങ്ങൾ നേടി. സിലിക്കൺവാലിയിൽ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായിരുന്നു. ‘ഹിൽബില്ലി എലജി’ എന്ന ഓർമക്കുറിപ്പിലൂടെ ദേശീയശ്രദ്ധ നേടി.

Tags:    
News Summary - Trump officially announced as presidential candidate; 39-year-old J.D. Vance as the vice-presidential candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.