പാകിസ്താന്‍ വാക്ക് പാലിക്കണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: തീവ്രവാദ ശൃംഖലകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. വാക്കിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ തയ്യാറാകണം. തീവ്രവാദത്തിനെതിരായ നടപടിയില്‍ ഒരു വിവേചനവുമുണ്ടാവില്ളെന്ന് പരസ്യവും രഹസ്യവുമായ സംഭാഷണങ്ങളില്‍ പാകിസ്താന്‍ നല്‍കുന്ന ഉറപ്പ് പാലിക്കണമെന്ന് യു.എസ് വിദേശകാര്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കുമെന്നാണ് പാകിസ്താന്‍ പറയുന്നത്. അതിനുള്ള സമയം പാകിസ്താന് നല്‍കേണ്ടതാണ്. പാകിസ്താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളോടും അമേരിക്കക്ക് യോജിപ്പില്ലെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോസ്ഥന്‍ പറഞ്ഞു.

അമേരിക്ക പാകിസ്താന് എഫ് -16 യുദ്ധവിമാനങ്ങള്‍ നല്‍കാനിരിക്കെയാണ് ഇന്ത്യയിലെ ഭീകരാക്രമണം നടന്നത്. തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ എഫ് -16 വില്‍പനക്ക് യു.എസ് കോണ്‍ഗ്രസിന്‍െറ അനുമതി ലഭിക്കില്ല. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം റിപബ്ളിക്കന്‍, ഡെമോക്രാറ്റ് പാര്‍ടിയിലെ 20 ജനപ്രതിനിധികളുടെ പിന്തുണ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട് . ഭീകരാക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദ സംഘടനകളാണെന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപോര്‍ടിനെ തുടര്‍ന്നാണ് യു.എസ് പ്രതികരണം പുറത്തുവന്നത്. മുംബൈ ആക്രമണത്തില്‍ സംഭവിച്ചതു പോലെ മുടന്തന്‍ ന്യായമുയര്‍ത്തി തീവ്രാദികളെ പരിരക്ഷിക്കുന്ന നിലപാട് പാകിസ്താന്‍ സ്വീകരിക്കില്ളെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ പ്രതിനിധി ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.