ടൊറണ്ടോ: ഏകദേശം 25 വർഷം മുമ്പാണ് 21 മാസത്തെ ജയിൽവാസത്തിന് ശേഷം അമർജീത്ത് സോഹി ബിഹാറിലെ ജയിലിൽ നിന്ന് മോചിതനാകുന്നത്. ഗുരുതര കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട സോഹി ഇനി ഇന്ത്യ സന്ദർശിക്കുന്നത് സാധാരണക്കാരനായല്ല. കനഡയിലെ ജസ്റ്റിൻ ട്രുഡോ മന്ത്രിസഭയിൽ അംഗമാണ് 52കാരനായ അമർജീത് സോഹി ഇപ്പോൾ.
ഖലിസ്താൻ തീവ്രവാദി എന്നാരോപിച്ചായിരുന്നു ടാഡ നിയമം ചുമത്തി സോഹിയെ ബിഹാറിൽ അറസ്റ്റ് ചെയ്തത്. എന്നാൽ അദ്ദേഹം നിരപരാധിത്വം തെളിയിച്ചു. തെളിവില്ലാത്തതിനാൽ കേസ് റദ്ദാക്കുകയും ചെയ്തു. പഞ്ചാബിലെ സൻഗ്രൂറിനടുത്തുള്ള ഗ്രാമത്തിലാണ് സോഹി ജനിച്ചത്.
എന്നാൽ ഇന്ത്യയോട് തനിക്ക് വിദ്വേഷമില്ലെന്ന് സോഹി പറഞ്ഞു. എനിക്ക് സംഭവിച്ചത് വേറെ ആരും അനുഭവിക്കാൻ ഇടവരരുത് എന്നാണ് തൻെറ ആഗ്രഹം. ഇന്ത്യയുമായി അടുത്ത ബന്ധമാണ് തനിക്കുള്ളത്. ശക്തമായ ആ ബന്ധം ദൃഢമായി തന്നെ തുടരുമെന്നും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. കുടുംബത്തെ സന്ദർശിക്കാൻ ഇന്ത്യയിലേക്ക് വരുന്നുണ്ട്. എൻെറ ഒരു സഹോദരി ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ മനുഷ്യാവകാശം പോലെയുള്ള കാര്യങ്ങളെ പറ്റി കൂടുതൽ ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചു. അതിനാലാണ് മനുഷ്യർക്ക് അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുന്നത്. ശക്തമായ ഒരു സാമൂഹിക സംവിധാനത്തെ കെട്ടിപ്പടുക്കാൻ അത്തരം അനുഭവങ്ങളെ താൻ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് 1981ലാണ് സോഹി കാനഡയിലേക്ക് കുടിയേറിയത്. ആൽബെർട്ട പ്രവിശ്യയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതുവരെ മുനിസിപ്പൽ ബസിൽ ഡ്രൈവറായിരുന്നു അദ്ദേഹം. സോഹി പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും നാടകീയമായിട്ടായിരുന്നു. എഡ്മൊണ്ടൻ മിൽ മണ്ഡലത്തിൽ നിന്ന് 92 വോട്ടിനായിരുന്നു ജയം. രണ്ടാം തവണയും വോട്ടെണ്ണിയതിന് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടിം ഉപ്പലായിരുന്നു എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.