പാശ്ചാത്യ ശക്തികൾ യുക്രെയ്നെ കൈവിടുകയാണോ? -പൊട്ടിത്തെറിച്ച് സെലൻസ്കി

കിയവ്: യുക്രെയ്‌നിനെതിരെ യുദ്ധം ചെയ്യാൻ ഉത്തരകൊറിയൻ സൈന്യത്തെ വിന്യസിച്ച റഷ്യൻ നടപടിയോടുള്ള സഖ്യകക്ഷികളുടെ ‘സീറോ’ പ്രതികരണത്തിൽ പൊട്ടിത്തെറിച്ച്  വൊളോദിമിർ സെലെൻസ്‌കി. ദുർബലമായ പ്രതികരണം പുടി​ന്‍റെ സംഘത്തെ ശക്തിപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുമെന്ന് ദക്ഷിണ കൊറിയയുടെ കെ.ബി.എസ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉക്രേനിയൻ നേതാവ് പറഞ്ഞു. ‘പുടിൻ പാശ്ചാത്യരുടെ പ്രതികരണം എന്താണെന്ന് നിരീക്ഷിക്കുകയാണ്. അതി​​നുപിന്നാലെ കാര്യങ്ങൾ നിശ്ചയിക്കുകയും ഏറ്റുമുട്ടൽ കടുപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു. എന്നാൽ, ഇപ്പോൾ പ്രതികരണങ്ങൾ ഒന്നുമില്ല. അത് പൂജ്യമാണ്’ -സെലെൻസ്കി പറഞ്ഞു.

ഇന്‍റലിജൻസ് ചാനലുകൾ വഴി ഉത്തരകൊറിയക്കാരെ നേരിട്ട് പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചതായി റഷ്യ സ്ഥിരീകരിച്ചതായി ഉക്രെയ്‌നിന് വ്യക്തമായ വിവരം ഉണ്ട്. റഷ്യൻ സൈനിക പ്ലാന്‍റുകളിൽ ജോലി ചെയ്യാൻ എൻജിനീയറിങ്ങിൽ വിദഗ്ധരായ സൈനികരെയും വൻതോതിൽ സിവിലിയൻമാരെയും അയക്കാൻ ഉത്തര കൊറിയയുടെ അനുമതിക്ക് പുടിൻ ഇതിനകം ശ്രമം നടത്തി​യതായും സെലൻസ്കി പറഞ്ഞു. സൈനിക വിന്യാസത്തെച്ചൊല്ലി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയുടെ ‘നിശബ്ദത’ തന്നെ അത്ഭുതപ്പെടുത്തിയെന്നും സെലെൻസ്‌കി കൂട്ടി​​​ച്ചേർത്തു. എന്നാൽ, ദക്ഷിണ കൊറിയ രഹസ്യാന്വേഷണ സഹായവും വിപുലമായ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ സൈനിക നിരീക്ഷണ സംഘത്തെ ഉക്രെയ്നിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, റഷ്യയുമായുള്ള യുദ്ധത്തി​​ന്‍റെ നിർണായക ഘട്ടത്തിൽ ഉക്രെയ്നുള്ള പാശ്ചാത്യ പിന്തുണ സംബന്ധിച്ച് നിരാശയിലേക്ക് വിരൽ ചൂണ്ടുന്നതാണ് സെലെൻസ്‌കിയുടെ വാക്കുകൾ. കിഴക്കൻ ഉക്രെയ്നിൽ മാസങ്ങളായി റഷ്യൻ സൈന്യം സാവകാശം മുന്നേറുകയാണ്. തോക്കുകളില്ലാത്ത ഉക്രെയ്ൻ സേന അവരെ തടയാനുള്ള വഴി കണ്ടെത്താൻ പാടുപെടുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഖാർകീവിലെ അപാർട്ട്മെന്‍റിനുനേരെ ​നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടി ​കൊല്ലപ്പെടുകയും 29പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പല ഗ്രാമങ്ങളിലും ഏറ്റുമുട്ടൽ നടക്കുന്നതായാണ് റിപ്പോർട്ട്.

അതിനിടെ, വടക്കുകിഴക്കൻ ഉക്രെയ്നുമായി അതിർത്തി പങ്കിടുന്ന റഷ്യയുടെ തെക്കൻ കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികർ ഉണ്ടെന്ന് സൂചിപ്പിക്കുന്ന വിവരം ലഭിച്ചതായി ഐക്യരാഷ്ട്രസഭയിലെ ഡെപ്യൂട്ടി യു.എസ് അംബാസഡർ റോബർട്ട് വുഡ് സുരക്ഷാ കൗൺസിലിൽ പറഞ്ഞു. ആയിരക്കണക്കിന് കൊറിയൻ പീപ്പിൾസ് ആർമി സൈനികരെ മൂന്ന് ഉത്തര കൊറിയൻ ജനറൽമാർ അനുഗമിക്കുന്നതായി ഉക്രെയ്നി​ന്‍റെ പ്രതിനിധിയും പറഞ്ഞു.

യുദ്ധത്തിൽ ഉത്തരകൊറിയൻ സൈനികരുടെ പങ്കാളിത്തം റഷ്യ നിഷേധിച്ചിട്ടില്ല. ഉത്തരകൊറിയ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി സൈനികരെ വിന്യസിക്കുക എന്ന ആശയത്തെ ന്യായീകരിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ഉത്തര കൊറിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇതിനെ യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.

Tags:    
News Summary - Are Western Powers Abandoning Ukraine? Zelenskiy blasts allies for 'zero' response to North Korean deployment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.