നടുക്കം മാറാതെ ഒര്‍ലാന്‍ഡോ; സംശയങ്ങളും ബാക്കി

വാഷിങ്ടണ്‍: ലോകം മുഴുവന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആശ്വാസവാക്കുകള്‍ ചൊരിയുമ്പോഴും യു.എസിലെ ഫ്ളോറിഡ സ്റ്റേറ്റിലെ ഒര്‍ലാന്‍ഡോ നഗരത്തിന്‍െറ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. 50 പേരുടെ മരണത്തില്‍ കലാശിച്ച നിശാക്ളബിലെ വെടിവെപ്പില്‍ ഒരുനഗരം പൂര്‍ണമായും സ്തംഭിച്ചിരിക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ നിശാ ക്ളബായ ‘പള്‍സി’ല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതിന്‍െറ പൂര്‍ണചിത്രം ഇനിയും വ്യക്തമല്ല. ഒപ്പം, ഒട്ടേറെ സംശയങ്ങളും ബാക്കിനില്‍ക്കുന്നു. അമേരിക്കന്‍ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വെടിവെപ്പാക്രമണമാണ് ഇപ്പോള്‍ ലോകമാധ്യമങ്ങളുടെ പ്രധാനചര്‍ച്ച. ആക്രമിയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ഓരോ നിമിഷവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ ഈ ക്ളബില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തെക്കുറിച്ചുള്ള പല ദൃക്സാക്ഷി വിവരണങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പുലര്‍ച്ചെ രണ്ടോടെയാണ് ഉമര്‍ മതീന്‍ എന്ന 29കാരന്‍ ക്ളബില്‍ ആയുധങ്ങളുമായി പ്രവേശിച്ച് ആക്രമണം നടത്തിയത്. നിശാപാര്‍ട്ടി അവസാനിക്കാറായ സമയമായിരുന്നു അത്. ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ച് അയാള്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നുവത്രെ. ഇതിനിടെ, അയാള്‍ 911 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചെന്നും സംസാരത്തിനിടെ, ‘ഇസ്ലാമിക് സ്റ്റേറ്റ്’എന്നും  2013ല്‍ ബോസ്റ്റണ്‍ സ്ഫോടന പരമ്പരക്ക് നേതൃത്വം നല്‍കിയ  സര്‍നേവ് സഹോദരങ്ങളെ പരാമര്‍ശിച്ചെന്നും ചില ദൃക്സാക്ഷികള്‍ പറയുന്നു. ഇതാണ് ഉമറിന് ഇസ്ലാമിക തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടാകാമെന്നതിന് കാരണമായി പറയുന്നത്. വെടിവെപ്പിനിടെ, അവിടെയുള്ള ഏതാനുംപേര്‍ സംഭവം അധികാരികളെ ഫോണില്‍ അറിയിച്ചിരുന്നു. ചിലര്‍ ഫേസ്ബുക്കില്‍ പള്‍സിലെ ഭീകരാവസ്ഥ ഏതാനും വരികളില്‍ ലോകത്തെ അറിയിക്കാനും ശ്രമം നടത്തി. അഞ്ച് മണിയോടെയാണ് സുരക്ഷാ സൈനികര്‍ സ്ഥലത്തത്തെുന്നത്. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലില്‍ ഉമറിനെ സൈന്യം വധിച്ചു. വെടിയുതിര്‍ക്കുക മാത്രമല്ല, ചെറിയ സ്ഫോടനങ്ങളും അയാള്‍ നടത്തിയെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.

അഫ്ഗാന്‍ വംശജരായ യു.എസ് ദമ്പതികളുടെ മകനാണ് ഉമര്‍ മതീനെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലായിരുന്നു ഉമറിന്‍െറ ജനനം. തീവ്രവാദി സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവില്ല. എന്നാല്‍, തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളുകളുടെ നിരീക്ഷണ പട്ടികയില്‍ ഉമറുണ്ടായിരുന്നു. എഫ്.ബി.ഐയുടെ നിരീക്ഷണ വലയത്തിലുണ്ടായിരുന്ന ഉമറിന് എങ്ങനെ ഇത്രയും ആയുധങ്ങള്‍ ലഭിച്ചെന്നാണ് മാധ്യമലോകത്തിന്‍െറ പ്രധാനചോദ്യം. 2013ലും 2014ലും ഉമറിനെ എഫ്.ബി.ഐ ചോദ്യംചെയ്തതാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് തോക്ക് ലൈസന്‍സ് ലഭിക്കാന്‍ സാധ്യതയില്ല. എന്നിട്ടും, ലൈസന്‍സോടുകൂടിയ തോക്ക് ഉമറിന്‍െറ കൈവശമുണ്ടായിരുന്നത് സംഭവത്തിന്‍െറ ദുരൂഹത വര്‍ധിപ്പിക്കുന്നു. 2007 മുതല്‍, സെക്യൂരിറ്റി സര്‍വിസ് കമ്പനിയില്‍ ഉമര്‍ ജോലിചെയ്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. സുരക്ഷാ ജീവനക്കാരന്‍െറ ലൈസന്‍സും ഉമറിനുണ്ടായിരുന്നു. നിരീക്ഷണ പട്ടികയിലുള്ള ഒരാള്‍ക്ക് ഇത് ലഭിക്കില്ളെന്നിരിക്കെ ഉമര്‍ എങ്ങനെയാണ് ഈ ലൈസന്‍സ് നേടിയതെന്ന സംശയവും ബാക്കിനില്‍ക്കുന്നു.

അതിനിടെ, ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ലബനാനിലെ അല്‍ ബയാന്‍ റേഡിയോയിലെ വാര്‍ത്താ ബുള്ളറ്റിനിലാണ് ഇതുസംബന്ധിച്ച ഐ.എസിന്‍െറ പ്രസ്താവന പുറത്തുവന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഖിലാഫത്തിന്‍െറ അമേരിക്കന്‍ പേരാളികളില്‍ ഒരാളാണ് ഉമര്‍ മാതീനെന്നും പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തെ അപലപിച്ച് യു.എസിലെ മുസ്ലിം നേതാക്കളും രംഗത്തത്തെി. സംഭവം വിദ്വേഷത്തിന്‍െറ ആക്രമണം തന്നെയാണെന്ന്  കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് ഡയറക്ടര്‍ നിഹാദ് അവാദ് പറഞ്ഞു. മുസ്ലിംകള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഐ.എസ് പോലുള്ള തീവ്രവാദി സംഘടനകളുടെ ആവശ്യമില്ളെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്ത് ഐക്യത്തിനായി ആഹ്വാനം ചെയ്തു.
അതിനിടെ, സംഭവം ഇസ്ലാമിക തീവ്രവാദമാണെന്ന അഭിപ്രായം സ്പീക്കര്‍ പോള്‍ റയാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചു. ഇസ്ലാമിക തീവ്രവാദവുമായി  തങ്ങള്‍ യുദ്ധത്തില്‍  ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 11ന് ശേഷം രാജ്യംകണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്ന് മറൊരു സെനറ്റര്‍ സൂസന്‍ കോളിന്‍സും പറഞ്ഞു. യു.എസ് അതിരുകടന്ന അക്രമത്തിനെതിരായ പ്രതിരോധം കൈവരിച്ചിട്ടില്ളെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തോക്കുനിയമം വീണ്ടും ചര്‍ച്ചയാകുന്നു

 അമേരിക്കയെ നടുക്കി 50 പേരുടെ ജീവനെടുത്ത ഫ്ളോറിഡ വെടിവെപ്പ് രാജ്യത്തെ തോക്കുനിയമത്തെ ക്കുറിച്ചുള്ള സംവാദങ്ങളിലേക്ക് വഴിതുറക്കുന്നു. തോക്കു കൈവശംവെക്കല്‍ നിയമം കര്‍ക്കശമാക്കണമെന്ന മുറവിളികള്‍ ഇതിനകം ആരംഭിച്ചു. മുസ്ലിം തീവ്രവാദത്തെ കടുത്ത തോതില്‍ അപലപിക്കുന്ന അമേരിക്കയിലെ സാമാജികര്‍ രാജ്യത്തെ നിയമപാലകരും രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ ഭീഷണിക്കും തോക്കിനും ഇടയിലുള്ള വൈരുധ്യത്തെ അഭിമുഖീകരിക്കുകയാണെന്നും പറഞ്ഞു.

ഫ്ളോറിഡ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രസിഡന്‍റ് ബറാക് ഒബാമയും തോക്കുനിയമം പരാമര്‍ശിച്ചിരുന്നു. രാജ്യത്തെ തോക്കുനിയമം പുന$പരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയംകൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകളിലും തിയറ്ററുകളിലും ചര്‍ച്ചിലും ക്ളബിലുമെല്ലാം ആളുകള്‍ക്ക് യഥേഷ്ടം തോക്കുമായി കടന്നുചെല്ലാമെന്ന നിയമം തുടരണമോ എന്നാലോചിക്കണം. യു.എസ് കോണ്‍ഗ്രസിന് ഈ നിയമത്തില്‍ മാറ്റംവരുത്താവുന്നതേയുള്ളൂവെന്നും ആയുധങ്ങള്‍ പെട്ടെന്ന് സ്വന്തമാക്കാന്‍ കഴിയുന്ന നിയമം രാജ്യത്തിന് ഭീഷണിയാണെന്നുമുള്ള അദ്ദേഹത്തിന്‍െറ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു.
ഒബാമയുടെ പ്രസംഗത്തെ പിന്തുണച്ച് കാത്തി കാസ്റ്റര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തത്തെി. തീവ്രവാദ നിരീക്ഷണ പട്ടികയിലുള്ള യു.എസ് പൗരന്മാര്‍ക്ക് തോക്ക് വാങ്ങുന്നതിന് പൂര്‍ണ നിരോധമേര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക നിയമം കൊണ്ടുവരണം. 2004നും 2010നുമിടയില്‍ രാജ്യത്ത് തീവ്രവാദി നിരീക്ഷണ പട്ടികയിലുള്ള 1400 പേര്‍ തോക്ക് വാങ്ങാന്‍ ശ്രമിച്ചുവെന്നും അതില്‍ 90 ശതമാനം പേര്‍ക്കും ലൈസന്‍സ് ലഭിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. തോക്കുകള്‍ കൊണ്ടുള്ള അതിക്രമങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിന് സാധ്യമായ ശിപാര്‍ശകള്‍ കോണ്‍ഗ്രസ് പരിഗണിക്കണമെന്ന് സെനറ്റ് അംഗം റോബര്‍ട്ട് സി. ബോബി പറഞ്ഞു.

കൊലയാളിക്ക് സ്വവര്‍ഗാനുരാഗികളോട് കടുത്ത വെറുപ്പായിരുന്നെന്ന് പിതാവും മുന്‍ ഭാര്യയും

 ഒര്‍ലാന്‍ഡോയില്‍ നിശാക്ളബില്‍ 50 പേരെ വെടിവെച്ചുകൊന്ന ഉമര്‍ മതീന്‍ സ്വവര്‍ഗാനുരാഗികളോട് കടുത്ത വെറുപ്പ് വെച്ചുപുലര്‍ത്തിയിരുന്നയാളാണെന്ന് പിതാവും മുന്‍ ഭാര്യയും. പല കാര്യങ്ങളോടും പ്രത്യേകതരം വിരോധം പുലര്‍ത്തിയിരുന്ന ആളായിരുന്നു മതീനെന്ന് പിതാവ് സിദ്ദീഖ് മതീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈയടുത്ത് വഴിയില്‍ രണ്ടു സ്വവര്‍ഗാനുരാഗികള്‍ ചുംബിക്കുന്നത് കണ്ട് മതീന്‍ കടുത്ത രോഷം പ്രകടിപ്പിച്ചതായി പിതാവ് ഓര്‍ക്കുന്നു.  കൊലപാതകത്തില്‍ മതത്തിന് ഒരു പങ്കുമില്ളെന്നും സംഭവത്തില്‍ തനിക്കും അഗാധമായ വ്യസനമുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. തനിക്കോ കുടുംബത്തിനോ ആക്രമണത്തെക്കുറിച്ച് ഒരു മുന്നറിവും ഉണ്ടായിരുന്നില്ളെന്നും പിതാവ് പറഞ്ഞു. 2013ലും 2014ലും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ മതീനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ പിതാവ് ഇടപെട്ടിരുന്നില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിദ്ദീഖ് മതീന്‍ അഫ്ഗാനിലെ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അമേരിക്കയിലത്തെിയ ശേഷം അദ്ദേഹം അഫ്ഗാന്‍ പ്രവാസികള്‍ക്കായി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.
മുന്‍ ഭാര്യ സിതോറ യൂസുഫായ്ക്കും സമാനമായ കാര്യങ്ങളാണ് മതീനെക്കുറിച്ച് പറയാനുള്ളത്. ആദ്യമായി ഇവര്‍ മതീനെ കണ്ടുമുട്ടിയത് ഓണ്‍ലൈനിലൂടെയായിരുന്നു.  വിവാഹ ശേഷം തന്നെ മര്‍ദിക്കാനും പലരൂപത്തില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും തുടങ്ങി. ഇതിനെ തുടര്‍ന്നാണ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചത്.  മതപരമായ ചര്യകള്‍ പാലിക്കാറുണ്ടെങ്കിലും തീവ്രവാദ സംഘടനകളോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ളെന്നും മുന്‍ ഭാര്യ പറയുന്നുണ്ട്. 2009ല്‍ ദാമ്പത്യ ബന്ധം പിരിഞ്ഞ ശേഷം ഒരിക്കല്‍ ഫേസ്ബുക്കിലൂടെ സന്ദേശമയച്ചതല്ലാതെ മതീനുമായി ബന്ധമുണ്ടായിരുന്നില്ളെന്നും ഇവര്‍ പറഞ്ഞു.

തോക്കുകളും സ്ഫോടക വസ്തുക്കളുമായി എത്തിയ യുവാവ് കാലിഫോര്‍ണിയയില്‍ അറസ്റ്റില്‍

 തോക്കുകളും സ്ഫോടകവസ്തുക്കളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി തെക്കന്‍ കാലിഫോര്‍ണിയയില്‍ യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. ഫ്ളോറിഡയില്‍ നിശാക്ളബിലെ കൂട്ടക്കൊലക്ക്  പിന്നാലെയാണ് ഈ സംഭവമെങ്കിലും അതുമായി യുവാവിന് ബന്ധമില്ളെന്ന് പൊലീസ് അറിയിച്ചു.  ഇന്ത്യാനയിലെ ജെഫര്‍സണ്‍ വില്ലിലെ 20കാരനായ ജെയിംസ് വെസ്ലി ഹോവെല്‍ ആണ് അറസ്റ്റിലായത്. വെസ്റ്റ് ഹോളിവുഡില്‍ നടക്കുന്ന സ്വവര്‍ഗാനുരാഗികളുടെ പരേഡില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.