ടോക്യോ: ജപ്പാനിൽ രണ്ട് യു.എസ് യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്ന് അഞ്ചു നാവികരെ കാണാതായി. അപകടത്തിൽപെട്ട രണ്ടുപേരെ രക്ഷിച്ചിട്ടുണ്ടെന്നും മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്നും ജപ്പാൻ അധികൃതർ അറിയിച്ചു. എന്നാൽ, ഒരാളെ രക്ഷപ്പെടുത്തിയത് മാത്രമാണ് പ്രതിരോധമന്ത്രി തകേശി ഇവായ സ്ഥിരീകരിച്ചത്.
രക്ഷപ്പെട്ടവരിൽ ഒരാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണെന്നും നാവികവൃത്തങ്ങൾ അറിയിച്ചു. ഇന്ധനം നിറക്കുന്നതിനിടെ ആകാശത്താണ് ഹിരോഷിമക്കടുത്ത ഇവാകുനി എന്ന സ്ഥലത്ത് അപകടമുണ്ടായത്.
ജപ്പാനും യു.എസും സംയുക്തമായാണ് കടലിൽ തിരച്ചിൽ നടത്തുന്നത്. ഒമ്പത് ജാപ്പനീസ് വിമാനങ്ങളും മൂന്നു കപ്പലുകളും അപകടമേഖലയിലെത്തിയതായി ജപ്പാൻ പ്രതിരോധമന്ത്രി പറഞ്ഞു. പ്രാദേശിക സമയം വ്യാഴാഴ്ച രണ്ടിനാണ് അപകടമുണ്ടായത്. കരയിൽനിന്ന് ഏകദേശം 320 കിലോമീറ്റർ അകലെയാണ് സംഭവം. രണ്ടുപേർ സഞ്ചരിച്ച എഫ്.എ ഫൈറ്റർ ജെറ്റും അഞ്ചുപേരുണ്ടയിരുന്ന കെ.സി-130 ജെറ്റുമാണ് കൂട്ടിയിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.