ഹാനോയ്/വാഷിങ്ടൺ: ഇന്ത്യ-പാക് സംഘർഷത്തിൽ ശത്രുത തീർന്ന് ഒരു ശുഭവാർത്തയുണ്ടാകുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽനിന്നും പാകിസ്താനിൽനിന്നും അടുത്തുതന്നെ നല്ല വാർത്ത പ്രതീക്ഷിക്കുന്നു. വിഷയത്തിൽ ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട്. സംഘർഷം അവസാനത്തിലെത്തി എന്നാണ് കരുതുന്നത് -ട്രംപ് വ്യക്തമാക്കി.
വിയറ്റ്നാം തലസ്ഥാനത്ത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി നടത്തിയ ചർച്ചകൾക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവ ശേഷിയുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിലുണ്ടായ ശത്രുത കുറച്ചുകൊണ്ടുവരാനാണ് ഇടപെട്ടത്. വൈരം തീർക്കാൻ രണ്ടു രാജ്യങ്ങളെയും സഹായിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. ഇവർ തമ്മിൽ നിരവധി മേഖലകളിലെ ഭിന്നത ദശാബ്ദങ്ങളായി തുടരുന്നതാണ്.
പാക്അതിർത്തി കടന്നുള്ള ഇന്ത്യൻ ആക്രമണത്തിനുപിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.
അതിനിടെ, ഇന്ത്യയും പാകിസ്താനും കൂടുതല്‍ സൈനിക നടപടികളിലേക്കു പോകരുതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശിയേയും ഫോണിൽ അറിയിച്ചു.
പാകിസ്താനിലെ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഖുറൈശിയോട് ആവശ്യപ്പെട്ടു. മേഖലയില്‍ ശാന്തിയും സ്ഥിരതയും ഉറപ്പാക്കേണ്ടതിെൻറ ആവശ്യകതയും പോംപിയോ എടുത്തുപറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്കുള്ള പിന്തുണ സുഷമ സ്വരാജുമായുള്ള സംഭാഷണത്തില്‍ പോംപിയോ ആവര്‍ത്തിച്ചു.
അതേസമയം, മൈക്ക് പോംപിയോ ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി സ്ഥിതിഗതികൾ ചർച്ചചെയ്തു. ഫോണിൽ ബുധനാഴ്ച ഇരുവരും സംസാരിച്ചതായി യു.എസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചർച്ചയുടെ മറ്റു വിശദാംശങ്ങൾ അറിവായിട്ടില്ല. ഫെബ്രുവരി 15ന് യു.എസ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾടൺ ഫോണിൽ ഡോവലുമായി സംസാരിച്ചിരുന്നു.
ഇന്ത്യയും പകിസ്താനും തമ്മിലുള്ള സൈനിക നടപടികൾ അവസാനിപ്പിക്കാൻ യു.എസ്. പ്രതിരോധ വകുപ്പ് ആക്ടിങ് സെക്രട്ടറി പാട്രിക് ഷനഹാൻ ശ്രമങ്ങൾ നടത്തിവരുന്നതായി പെൻറഗൺ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.