ഇന്ത്യയില്‍ മതസ്വാതന്ത്ര്യ വിലക്കെന്ന് മനുഷ്യാവകാശങ്ങളെ സംബന്ധിച്ച യു.എസ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇന്ത്യയിലെ പ്രധാന മനുഷ്യാവകാശ പ്രശ്നങ്ങളിലൊന്ന് മതസ്വാതന്ത്ര്യത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ച യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന്‍െറ 2016ലെ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള മതപരിവര്‍ത്തന നിരോധന നിയമം വ്യക്തി സ്വാതന്ത്ര്യത്തിന്‍െറ ലംഘനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ നിയമപ്രകാരം ആളുകളെ അറസ്റ്റ് ചെയ്തതായി വിവരങ്ങളുണ്ടെങ്കിലും ശിക്ഷ വിധിച്ചതായി തെളിഞ്ഞിട്ടില്ല.

വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ എന്‍.ജി.ഒകള്‍ക്കുള്ള വിലക്കാണ് മറ്റൊരു പ്രധാന മനുഷ്യാവകാശ പ്രശ്നം. രാജ്യത്തിന്‍െറ അല്ളെങ്കില്‍ പൊതുതാല്‍പര്യത്തിന് വിരുദ്ധമെന്നു തോന്നുന്ന സര്‍ക്കാറിതര സംഘടനകളെ വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇത് സിവില്‍ സമൂഹത്തിന്‍െറ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട് -റിപ്പോര്‍ട്ടില്‍ പറയുന്നു.അഴിമതി, പൊലീസ്-സുരക്ഷസേന ദുരുപയോഗം എന്നിവയാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന മറ്റു പ്രശ്നങ്ങള്‍. പൊലീസ്-സുരക്ഷസേന അധികാരം ദുരുപയോഗം ചെയ്യുന്നതിലൂടെ നിരവധി കൊലപാതകങ്ങളും പീഡനങ്ങളും ബലാത്സംഗങ്ങളും രാജ്യത്ത് ഉണ്ടാകുന്നു.

വ്യാപകമായ അഴിമതി പലതരം കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. സ്ത്രീകള്‍, കുട്ടികള്‍, പട്ടികജാതി-വിഭാഗം എന്നിവരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. ലിംഗം, ജാതി, മതം, വര്‍ഗം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക അക്രമങ്ങളും വര്‍ധിച്ചുവരുന്നു. തിരോധാനം, ജയിലിലെ അപകടകരമായ അവസ്ഥ, കോടതിയില്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് നീതി നടപ്പാക്കാന്‍ വൈകുന്നത് എന്നിവയും 2016ല്‍ ഇന്ത്യ നേരിട്ട പ്രധാന മനുഷ്യാവകാശ പ്രശ്നങ്ങളാണ്. നിയമപരമല്ലാതെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെക്കുക, വാദം കേള്‍ക്കുന്നതിനു മുമ്പ് ദീര്‍ഘകാലം തടങ്കലില്‍ വെക്കുക എന്നീ സാഹചര്യങ്ങള്‍ ഏറിവരുന്നുണ്ട്.

രാജ്യത്ത് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്കുള്ള വിലക്കുകളും തുടരുന്നുണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ബലാത്സംഗം, ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള മരണങ്ങള്‍, ദുരഭിമാനക്കൊല, വിവേചനം എന്നിവയും ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളായി തുടരുന്നു.
ബാലവേല, കുട്ടികളെ കടത്തുക, ബാലവിവാഹം, ഭിന്നശേഷിക്കാരോടുള്ള വിവേചനം എന്നിവയും ഗുരുതര പ്രശ്നങ്ങളാണ്. ജമ്മു-കശ്മീരിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിഘടനവാദികളുടെയും ഭീകരരുടെയും ആക്രമണങ്ങളില്‍ നിരവധി സുരക്ഷ ഉദ്യോഗസ്ഥരും സിവിലിയന്മാരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ട്രംപ് ഭരണകൂടം നിലവില്‍വന്ന ശേഷം പുറത്തുവന്ന ആദ്യത്തെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് റിപ്പോര്‍ട്ടാണിത്.

Tags:    
News Summary - us report on human rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.