വാഷിങ്ടൺ: യു.എസിലേക്കുള്ള കുടിയേറ്റം തടയുമെന്ന് സമ്മതിച്ചതായുള്ള നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം തള്ളി മെക്സികോ. അതിർത്തികൾ അടക്കില്ലെന്നും സർക്കാറുകളുമായും ജനങ്ങളുമായും ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും മെക്സിക്കൻ പ്രസിഡൻറ് ക്ലോഡിയ ഷെയ്ൻബോം പാർദോ പറഞ്ഞു. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കിൽ കാനഡയുടെയും മെക്സികോയുടെയും ഇറക്കുമതിക്ക് നികുതി കുത്തനെ ഉയർത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരു നേതാക്കളുടെയും വാദപ്രതിവാദം. മെക്സികോയുടെ പുതിയ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചതായും തെക്കൻ അതിർത്തി അടച്ച് യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്ന് അവർ സമ്മതിച്ചതായും സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പറഞ്ഞത്. അതേസമയം, ട്രംപുമായി മെക്സികോയുടെ കുടിയേറ്റ നിലപാട് സംബന്ധിച്ച് ചർച്ച ചെയ്തെന്ന കാര്യം ക്ലോഡിയ സ്ഥിരീകരിച്ചു. യു.എസിന്റെ വടക്കൻ അതിർത്തിയിലേക്കുള്ള കുടിയേറ്റക്കാരെ മെക്സികോ തടഞ്ഞതായി ട്രംപിനെ അറിയിച്ചതായും അവർ പറഞ്ഞു. സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനെയും ലഹരി കടത്ത് തടയുന്നതിനെയും കുറിച്ച് ചർച്ച ചെയ്തതായും ക്ലോഡിയ കൂട്ടിച്ചേർത്തു.
മെക്സികോയുമായി സഹകരിച്ച് ജോ ബൈഡൻ ഭരണകൂടം സ്വീകരിച്ച നടപടികളെ തുടർന്ന് അനധികൃത കുടിയേറ്റത്തിൽ 40 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.