സിറിയ: തടവറയില്‍ ഭരണകൂടം കൂട്ടക്കശാപ്പ് ചെയ്തത് 13,000 പേരെ

ഡമസ്കസ്: ബഗ്ദാദിലെ അബൂഗുറൈബ് തടവറ ഓര്‍മയുണ്ടാവും. അമേരിക്കന്‍ സൈന്യം നിരപരാധികളായ ഇറാഖി പൗരന്മാരുടെ ജീവന്‍ അമ്മാനമാടിയ കുപ്രസിദ്ധ തടവറ. അതുപോലൊന്നാണ് സിറിയന്‍ തലസ്ഥാനമായ ഡമസ്കസില്‍നിന്ന് 30 കി.മീ. അകലെയുള്ള സീദ്നയ.  സിറിയയിലെ ഏറ്റവും വലിയ തടവറയാണിത്.

2011ല്‍ ആഭ്യന്തരകലാപം തുടങ്ങിയതുമുതല്‍ കശാപ്പുശാലയെന്ന് വിളിപ്പേരുള്ള ഈ കുപ്രസിദ്ധ തടവറയില്‍ സിറിയന്‍ ഭരണകൂടം 13,000 ആളുകളെ  കൂട്ടമായി കഴുവേറ്റിയതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്.

2011 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് ഇത്രയധികം കൊലപാതകങ്ങള്‍ നടന്നത്. ബശ്ശാര്‍ സര്‍ക്കാറിനെ എതിര്‍ക്കുന്നവരെയാണ് ഈ തടവറയില്‍ പാര്‍പ്പിച്ചിരുന്നത്. കിരാതമായ മര്‍ദനമുറകളുടെ അകമ്പടിയോടെ ഓരോ ആഴ്ചയും 20 മുതല്‍ 50 പേരെയാണ് ഭരണകൂടം  മരണക്കൊയ്ത്ത് നടത്തിയത്. ഓരോ മാസവും കൊല്ലപ്പെട്ടവരുടെ കണക്കെടുത്താല്‍ 300ലേറെ വരും. ‘മനുഷ്യ കശാപ്പുശാല: സീദ്നയ തടവറയിലെ കൂട്ടക്കൊലയും ഉന്മൂലനാശവും’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ആംനസ്റ്റി  പുറത്തുവിട്ടത്. ജയിലിലെ തടവുകാര്‍, ഗാര്‍ഡുകള്‍, ജഡ്ജിമാരുള്‍പ്പെടെ നിരവധി പേരുമായി സംഭാഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.  മാനവികക്കെതിരായ യുദ്ധക്കുറ്റമാണ് ഈ നടപടിയെന്ന്  ആംനസ്റ്റി ആരോപിച്ചു.

ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ മരുന്നുകളോ നല്‍കാതെയാണ് തടവുകാരെ ഇവിടെ പാര്‍പ്പിച്ചിരുന്നത്. തമ്മില്‍ സംസാരിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ജയിലിലെ രക്തവും അഴുക്കും തളംകെട്ടി വൃത്തിഹീനമായ തറയില്‍ മലം കലര്‍ത്തി വിളമ്പിയ ഭക്ഷണം കഴിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. തടവുകാര്‍ പരസ്പരം ശാരീരികബന്ധത്തിലേര്‍പ്പെടാനും ഗാര്‍ഡുകള്‍ നിര്‍ബന്ധിച്ചു. മരണം വിധിച്ചുകഴിഞ്ഞാല്‍  ഓരോ ആഴ്ചയും 50 പേരെ വീതം വിചാരണക്കായി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും.

കൊടിയപീഡനങ്ങള്‍ക്കുശേഷം അര്‍ധരാത്രി അതീവ രഹസ്യമായി കൂട്ടമായി കൊലപ്പെടുത്തുകയാണ് പതിവ്. കണ്ണുകെട്ടിയാണ് ഓരോരുത്തരെയും ജയിലറയില്‍നിന്ന് പ്രത്യേക സെല്ലിലേക്ക് കൊണ്ടുപോകുന്നത്. ക്രൂരമായ മര്‍ദനങ്ങള്‍ നേരിടുമ്പോഴും തൂക്കുകയര്‍ കഴുത്തില്‍ മുറുകുമ്പോള്‍  മാത്രമാണ് മരണമുഖത്താണ് ഉള്ളതെന്ന് ഓരോരുത്തരും തിരിച്ചറിയുന്നത്.

ബശ്ശാര്‍ അല്‍അസദിനെ എതിര്‍ക്കുന്ന സിവിലിയന്മാരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. ‘‘പത്തുപതിനഞ്ച് മിനിറ്റോളം കയര്‍ അവരുടെ കഴുത്തില്‍ കിടക്കും. യുവാക്കളുടെ ഭാരം താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ ഓഫിസര്‍മാരുടെ സഹായികള്‍ അവരെ താഴേക്ക് തള്ളിയിടും. ചേതനയറ്റ് അഗാധമായ ഇരുട്ടിലേക്ക് പതിക്കും’’ -ജഡ്ജിമാരിലൊരാള്‍ അനുഭവം പങ്കുവെച്ചു. ഓരോ ദിവസവും ഞങ്ങളുടെ കൂട്ടത്തിലുള്ള മൂന്നോ നാലോ പേര്‍ മരണത്തിന് കീഴടങ്ങും. ഗാര്‍ഡുകള്‍ ഓരോരുത്തരുടെയും കൃത്യമായ കണക്കെടുക്കുമായിരുന്നു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ഒരു ദിവസം 13 പേരാണ് മരിച്ചത് -തടവുകാരില്‍ ഒരാള്‍ പറയുന്നു.

കൂട്ടക്കശാപ്പ് നടത്തുന്ന മുറിയുടെ നിലത്ത് ചെവിവെച്ചാല്‍ കഴുത്തു ഞെരിയുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാമെന്ന് മറ്റൊരു തടവുകാരന്‍ അനുഭവം പങ്കുവെച്ചു.
മരണം ഉറപ്പാക്കിയാല്‍ രഹസ്യസങ്കേതത്തിലെ കൂട്ടക്കുഴിമാടങ്ങളില്‍ സംസ്കരിക്കും.  വിവരം അവരുടെ കുടുംബങ്ങളെ അറിയിക്കുകയും ചെയ്യും. നിരപരാധികളെ വേരോടെ പിഴുതെറിയുന്ന നയമാണ് സിറിയന്‍ ഭരണകൂടം സ്വീകരിച്ചതെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. നിഗൂഢവും പൈശാചികവുമായ നടപടി.  ആരും ആശ്രയമില്ലാതെ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങി മരണത്തിന്‍െറ നാളുകള്‍ എണ്ണിക്കഴിയുന്ന സംഭവം ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടെന്ന് ആംനസ്റ്റി ഡയറക്ടര്‍ ലിന്‍ മലൂഫ് ആവശ്യപ്പെട്ടു. 

Tags:    
News Summary - 13,000 people hanged in secret at Syrian prison, Amnesty says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.