ഉത്തര കൊറിയക്കെതിരെ ജപ്പാനും ദക്ഷിണകൊറിയയും ഉപരോധം ശക്തമാക്കി

ടോക്യോ: ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ഉത്തര കൊറിയക്കെതിരെ കൂടുതല്‍ ഉപരോധവുമായി ജപ്പാനും ദക്ഷിണ കൊറിയയും രംഗത്ത്.
ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രാനിരോധം ശക്തമാക്കുന്നതിനൊപ്പം ജപ്പാന്‍ തീരങ്ങളില്‍ ഉത്തര കൊറിയന്‍ കപ്പലുകള്‍ പൂര്‍ണമായി നിരോധിച്ചു. ആണവ പരീക്ഷണം നിര്‍ത്തിവെക്കണമെന്നും മിസൈല്‍ വിക്ഷേപണത്തില്‍നിന്ന് പിന്മാറണമെന്നുമുള്ള അഭ്യര്‍ഥനകള്‍ വകവെക്കാത്തതിനെ തുടര്‍ന്നാണ് ഉപരോധം ശക്തമാക്കുന്നതെന്ന് കാബിനറ്റ് സെക്രട്ടറി യോഷിധീ സുഗ വാര്‍ത്താസമ്മേളനത്തിടെ പറഞ്ഞു. ദശകങ്ങള്‍ക്കു മുമ്പ് ഉത്തര കൊറിയ തട്ടിക്കൊണ്ടു പോയ ജപ്പാന്‍ പൗരന്മാരുടെ മോചനത്തിനായി ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഉത്തര കൊറിയക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ചിലത് 2014ല്‍ ജപ്പാന്‍ എടുത്തുകളഞ്ഞിരുന്നു. ഈ ഉപരോധങ്ങള്‍ പുന$സ്ഥാപിക്കാനാണ് തീരുമാനം. ഉത്തര കൊറിയ സന്ദര്‍ശിച്ച ശേഷം ജപ്പാനിലത്തെുന്ന വിദേശ കപ്പലുകള്‍ക്കും വിലക്കുണ്ട്. മാനവികതയുടെ പേരില്‍ നല്‍കുന്ന സഹായധനം ഒഴികെ മറ്റെല്ലാ പണമിടപാടുകളും റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉത്തര കൊറിയയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായി ഇരുരാജ്യങ്ങളുടെയും സംയുക്ത സംരംഭമായ വ്യാവസായിക സമുച്ചയത്തിന്‍െറ നടത്തിപ്പില്‍നിന്ന്  ദക്ഷിണ കൊറിയ പിന്‍മാറി. സമുച്ചയത്തില്‍ 124 ദക്ഷിണ കൊറിയന്‍ കമ്പനികളുടെ ഫാക്ടറികളുണ്ട്. ഇവിടെ 53000ത്തോളം ഉത്തര കൊറിയന്‍ ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്. പദ്ധതിക്കായി 83.7 കോടി ഡോളര്‍ ദക്ഷിണ കൊറിയ നിക്ഷേപിച്ചിരുന്നു.  ആ ഫണ്ടുവിഹിതമുപയോഗിച്ചാണ് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ക്കും മിസൈല്‍ പരീക്ഷണങ്ങള്‍ക്കും ഉപയോഗിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
അതിനിടെ, ദക്ഷിണ കൊറിയയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കാനുള്ള യു.എസ് നീക്കത്തിനെതിരെ റഷ്യയുടെ മുന്നറിയിപ്പ്. മേഖലയില്‍ ആയുധ പോരാട്ടത്തിന് വഴിവെക്കുന്നതാണ് നീക്കമെന്ന് റഷ്യ ആരോപിച്ചു. ഉത്തര കൊറിയ ദീര്‍ഘദൂര ഉപഗ്രഹം വിക്ഷേപിച്ചതിനു പിന്നാലെ മിസൈല്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ച് ദക്ഷിണ കൊറിയ യു.എസുമായി ചര്‍ച്ച നടത്തിയിരുന്നു. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ അന്താരാഷ്ട്ര വിലക്കുകള്‍ അവഗണിച്ച് ഞായറാഴ്ച ഉത്തര കൊറിയ ഭൗമനിരീക്ഷണത്തിനുള്ള ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിച്ചിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.