ജറുസലം: മാസങ്ങള്‍ക്കിടെ മൂര്‍ച്ഛിച്ച ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തിന് പരിഹാരം തേടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തി. വീണ്ടും പശ്ചിമേഷ്യയിലത്തെിയ കെറി ജോര്‍ഡനില്‍ അബ്ദുല്ല രാജാവിനെയും കണ്ടു.
മസ്ജിദുല്‍ അഖ്സയുള്‍ക്കൊള്ളുന്ന ജറുസലമില്‍നിന്നുള്‍പ്പെടെ മുസ്ലിംകളെ പുറത്താക്കാന്‍ നീക്കം പുരോഗമിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഒക്ടോബര്‍ ആദ്യത്തോടെ ശക്തിപ്രാപിച്ച സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. 176 ഫലസ്തീനികളും 27 ഇസ്രായേലികളുമാണ് ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളും മുന്നോട്ടുവരണമെന്ന് കെറി ഫലസ്തീന്‍, ഇസ്രായേല്‍ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടു.
2014ല്‍ അമേരിക്ക മുന്‍കൈയെടുത്ത് സമാധാനനീക്കങ്ങള്‍ക്ക് തുടക്കമായിരുന്നുവെങ്കിലും ഇസ്രായേല്‍ ധാര്‍ഷ്ട്യത്തെ തുടര്‍ന്ന് പരാജയമാവുകയായിരുന്നു. ഫലസ്തീന്‍ പ്രദേശങ്ങളായ വെസ്റ്റ്ബാങ്കിലും ജറുസലമിലും പുതിയ കുടിയേറ്റ നിര്‍മാണങ്ങള്‍ അരുതെന്ന നിര്‍ദേശത്തിന് വഴങ്ങാത്ത ഇസ്രായേല്‍ അടുത്തിടെയും പുതിയ ഭവനങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കി.
അതിനിടെ, മേഖലയില്‍ പുതിയ സമാധാനനീക്കവുമായി ഫ്രാന്‍സ് രംഗത്തത്തെിയിട്ടുണ്ട്. യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, അമേരിക്ക, റഷ്യ എന്നിവയുടെയും നിരവധി അറബ് രാജ്യങ്ങളുടെയും സാന്നിധ്യത്തില്‍ ജൂലൈയില്‍ ചര്‍ച്ചയാരംഭിക്കാനാണ് നീക്കം. ഫ്രഞ്ച് ദൗത്യത്തെ സ്വാഗതംചെയ്ത ഫലസ്തീന്‍ അധികൃതര്‍ നിശ്ചിത കാലയളവിനുള്ളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നും കുടിയേറ്റ ഭവനനിര്‍മാണം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ജനുവരിയിലാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറെ ഫാബിയസ് ഫലസ്തീന്‍ സമ്മേളനം പ്രഖ്യാപിച്ചത്. ചര്‍ച്ച പരാജയപ്പെടുന്നപക്ഷം ഫലസ്തീന് ഫ്രാന്‍സ് അംഗീകാരം നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.