ഉത്തര കൊറിയയുമായി ചര്‍ച്ചക്ക് യു.എസ് ശ്രമിച്ചെന്ന്; നിഷേധിച്ച് കെറി

വാഷിങ്ടണ്‍: ആണവ പരീക്ഷണം നടത്തുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഉത്തര കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്ക ഒരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയ ആണവശേഷി കുറക്കാതെ ചര്‍ച്ചയില്ളെന്ന പഴയ നിലപാട് മാറ്റിനിര്‍ത്തിയാണ് പുതിയ നീക്കത്തിന് അമേരിക്ക ഒരുങ്ങിയതെന്ന് യു.എസ് പത്രം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത അമേരിക്ക തള്ളി. ആണവ നിരായുധീകരണത്തിന് സമ്മതിക്കാത്തതിനാല്‍ അയല്‍രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചയാകാമെന്ന ഉത്തര കൊറിയന്‍ നിര്‍ദേശം തള്ളുകയായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചു.
ആണവ നിരായുധീകരണ വിഷയത്തില്‍ യു.എസ് നിലപാട് കാലങ്ങളായി മാറ്റമില്ലാത്തതാണെന്ന് വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിര്‍ബിയും പറഞ്ഞു.
യു.എസുമായും ദക്ഷിണ കൊറിയയുമായും സമാധാനം പുന$സ്ഥാപിക്കാനും ഇരുരാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന സൈനിക പ്രകടനം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടാണ് ഉത്തര കൊറിയ ചര്‍ച്ചക്ക് തയാറായത്. വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ച യു.എസിനെ ഞെട്ടിച്ച് ജനുവരി ആദ്യത്തില്‍ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതോടെ ചര്‍ച്ചയുടെ സാഹചര്യം പൊളിഞ്ഞു.
പേരുവെക്കാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത നല്‍കിയത്.
ഉത്തര കൊറിയക്കെതിരെ കടുത്ത നിലപാട് പ്രഖ്യാപിക്കുകയും മറുവശത്ത് സമാധാനനീക്കം നടത്തുകയും ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് കെറിയുടെ തിരുത്ത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.