ഇറാഖിലും സിറിയയിലും ഐ.എസ് സാന്നിധ്യം കുറയുന്നു

ബഗ്ദാദ്: യു.എസ് സഖ്യവും റഷ്യയുള്‍പ്പെടുന്ന മറുചേരിയും ഒരുപോലെ ആക്രമണം കനപ്പിച്ചതോടെ ഒരുവര്‍ഷത്തിനിടെ ഇറാഖിലും സിറിയയിലും ഐ.എസ് സാന്നിധ്യം ഗണ്യമായി കുറഞ്ഞു. ഇറാഖില്‍ ഐ.എസ് നിയന്ത്രണത്തിലായിരുന്ന 40 ശതമാനവും സിറിയയില്‍ 20 ശതമാനവും ഭൂമി തിരിച്ചുപിടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

‘കൂടുതല്‍ ദുര്‍ബലമായി മാറിയ ശത്രു പ്രതിരോധത്തിലാണ്. കഴിഞ്ഞ മേയ് മാസത്തിനുശേഷം ഒരിഞ്ച് ഭൂമിപോലും ഇരുരാജ്യങ്ങളിലും നേടനായിട്ടില്ല’ -യു.എസ് സഖ്യസേനയിലെ കേണല്‍ സ്റ്റീവ് വാറണ്‍ പറഞ്ഞു. 2014 ഫെബ്രുവരിയില്‍ ആദ്യമായി രംഗത്തുവന്ന ഐ.എസ് ഇറാഖിന്‍െറ മൂന്നിലൊന്നും കീഴടക്കി ബഗ്ദാദ് അതിര്‍ത്തിവരെ എത്തിയിരുന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ ഇതിലേറെ വലിയ നേട്ടങ്ങളുമുണ്ടാക്കി.

അപ്രതിരോധ്യമായി ഒരുവര്‍ഷത്തോളം ഇരുരാജ്യങ്ങളിലും രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കിയ ഐ.എസിനെതിരെ സഖ്യസേനയുടെ നേതൃത്വത്തില്‍ ആക്രമണം കനപ്പിച്ചതോടെയാണ് ഇറാഖ് സര്‍ക്കാര്‍ തിരിച്ചുവരവ് തുടങ്ങിയത്. ഐ.എസ് നിയന്ത്രണത്തിലായിരുന്ന തിക്രീത്, റമാദി നഗരങ്ങളില്‍ ഒൗദ്യോഗിക സേന നിര്‍ണായകമുന്നേറ്റം നടത്തിയിട്ടുണ്ട്. ഐ.എസിന് വരുമാനം നല്‍കിയ എണ്ണപ്പാടങ്ങള്‍ തകര്‍ക്കപ്പെടുകയും ആയുധ സംഭരണകേന്ദ്രങ്ങള്‍ ബോംബിടുകയും ചെയ്തതോടെ ഐ.എസിന്‍െറ മുനയൊടിഞ്ഞിട്ടുണ്ട്.

14 രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇതുവരെയായി 17,500 ഇറാഖ് സൈനികര്‍ക്ക് പരിശീലനം നല്‍കിയതായാണ് അവകാശവാദം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.