സിയോൾ: ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതിന് പിന്നാലെ മേഖലയിൽ യു.എസിൻെറ നിർണായക നീക്കം. ബോംബർ ജെറ്റായ ബി-52ൻെറ രണ്ട് ഫ്ലൈറ്റുകൾ ദക്ഷിണകൊറിയയിൽ യു.എസ് വിന്യസിച്ചു. ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതിന് പിന്നാലെ ഇരു കൊറിയകളും തമ്മിൽ വൈരം വർധിച്ച സാഹചര്യത്തിലാണ് യു.എസ് സാന്നിദ്ധ്യം അറിയിച്ചിക്കുന്നത്.
ദക്ഷിണകൊറിയയുടെ സുരക്ഷ മുൻനിർത്തിയാണ് യുദ്ധവിമാനങ്ങൾ വിന്യസിച്ചതെന്ന് കൊറിയയിലെ യു.എസ് സേനയുടെ ഡെപ്യൂട്ടി കമാണ്ടൻറ് ലഫ്. ജനറൽ ടെറൻസ് ജെ. ഒഷൗഗനെസി അറിയിച്ചു. നേരത്തെ ഉത്തര കൊറിയക്കെതിരെ സംയുക്ത നീക്കം നടത്താൻ യു.എസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നിവർ തീരുമാനിച്ചിരുന്നു.
കൊറിയകളുടെ അതിർത്തിയിൽ നിന്നും 72 കിലോമീറ്റർ ദൂരമുള്ള ഒസാൻ വ്യോമസേനാ കേന്ദ്രത്തിലാണ് ജെറ്റ് വിന്യസിച്ചതെന്ന് സൈന്യം അറിയിച്ചു. ദക്ഷിണ കൊറിയയുടെയും യു.എസിൻെറ മറ്റൊരു ജെറ്റും ബി-52 ജെറ്റിനെ അനുഗമിച്ചു. ഒസാൻ വ്യോമസേന താവളത്തിൽ വട്ടമിട്ട യു.എസ് ജെറ്റുകൾ ഗുവാമിലെ ആൻഡേഴ്സൺ എയർ ബേസിലേക്ക് പോയതായും റിപ്പോർട്ടുണ്ട്. 2013ൽ ഉത്തര കൊറിയ തങ്ങളുടെ മൂന്നാമത്തെ അണുപരീക്ഷണം നടത്തിയപ്പോഴായിരുന്നു അവസാനമായി ഇത്തരത്തിൽ ഒരു ബോംബർ ഫ്ലൈറ്റ് ഇവിടെ പ്രത്യക്ഷപ്പെട്ടത്. അതു കൊണ്ടുതന്നെ ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ നീക്കത്തെ കാണുന്നത്.
ബുധനാഴ്ചയാണ് ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടത്. ഇത് അന്താരാഷ്ട്ര തലത്തിൽ വ്യാപക വിമർശം ക്ഷണിച്ചുവരുത്തി. ഇതിന് പിന്നാലെ ഉത്തര കൊറിയക്കെതിരെ ജാഗ്രതരായിരിക്കാൻ യു.എസ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.