പ്രേത നഗരത്തില്‍ മരണവും കാത്ത്

ഡമസ്കസ്: മദായ ഇപ്പോള്‍ ശരിക്കും ഒരു പ്രേത നഗരമാണ്. ജീവനുള്ള മനുഷ്യര്‍ക്ക് പാര്‍ക്കാനാവാത്ത ഭയത്തിന്‍്റെ ദേശം. ചോര മണം കട്ടപിടിച്ച തെരുവില്‍ ബോംബുകള്‍ക്കും തോക്കുകള്‍ക്കും ഭക്ഷണമാവാതെ ഇനിയും മനുഷ്യക്കോലങ്ങള്‍ ബാക്കിയുണ്ട് ഇവിടെ. അവര്‍ ലക്ഷങ്ങള്‍ വരും. ഏതു നിമിഷവും ചങ്കില്‍നിന്ന് അവസാന ശ്വാസം പിടഞ്ഞൊടുങ്ങുന്നതും കാത്ത് പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ തകര്‍ന്നടിഞ്ഞ വീടുകളില്‍ അവശേഷിക്കുന്നു. അവസാനത്തെ തുള്ളി വെള്ളത്തിനായി അവരില്‍ പലരും നാക്കു നീട്ടി കരയുന്നു. എന്നാല്‍, ശബ്ദം പുറത്തേക്ക് വരാനാവാത്ത വിധം അവര്‍ മരണത്തിന്‍്റെ വക്കോളമത്തെിക്കഴിഞ്ഞിരിക്കുകയാണ്. മാസങ്ങളായി വെള്ളവും വെളിച്ചവുമില്ലാതെ ആരുമറിയാതെ പുറംലോകവുമായി ബന്ധമില്ലാതെ കൊഴിഞ്ഞു തീരുന്ന ഈ ജന്മങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയോളമായി സോഷ്യല്‍ മീഡിയില്‍ ചിത്രങ്ങളായി അവതരിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആണ് മദായ നഗരത്തില്‍ ചില സന്നദ്ധ ഏജന്‍സികള്‍  എത്തുന്നത്. ഡമസ്കസിന്‍റെ പ്രാന്തത്തില്‍ അവര്‍ പരിമിതമായ ഭക്ഷണം പാകം ചെയ്യുകയാണ്. സിറിയയിലെ 15 മേഖലകളില്‍ ആയി നാല്‍പത് ലക്ഷത്തേതാളം പേര്‍ ആണ് മരണത്തെ മുഖാമുഖം കണ്ടു കഴിയുന്നതെന്ന് യു.എന്നിന്‍്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പറയുന്നത്.

മദായയില്‍ മാത്രം 42000 പേര്‍ ആണ് ഭീതിതമായ സാഹചര്യത്തിലൂടെ കടന്നുപോവുന്നത്. ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം പോലും കിട്ടുന്നില്ല. ഈ ചെറു നഗരത്തില്‍ മാത്രം വിശപ്പുകൊണ്ട് 23 പേര്‍ മരിച്ചു വീണു കഴിഞ്ഞതായി ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്’ എന്ന സേവന ഏജന്‍സി പറയുന്നു. കഴിഞ്ഞ ദിവസം ഒമ്പതു വയസുള്ള ഒരു കുട്ടിയടക്കം അഞ്ചു പേരാണ് മദായയില്‍ ജീവന്‍ വെടിഞ്ഞത്.  ഇപ്പോള്‍ അവശേഷിക്കുന്നവരില്‍ ഭൂരിഭാഗം പേരെയും കടുത്ത പോഷാകാഹാര ദൗര്‍ലഭ്യം വേട്ടയാടുന്നു. മെലിഞ്ഞുണങ്ങി അസ്ഥികൂടം പോലെയായ മനുഷ്യര്‍. പച്ചപ്പുല്ലുകളും ഇലകളും അതും കിട്ടാതാവുമ്പോള്‍ ചില തരം ജീവികളെയും ഭക്ഷിച്ചാണ് പലരും നാമമാത്ര ജീവന്‍ നിലനിര്‍ത്തുന്നത്. മാലിന്യക്കൂനക്കിടയില്‍ ഭക്ഷണം തിരയുന്ന കുഞ്ഞുങ്ങള്‍ കണ്ണു നനയിക്കുന്ന കാഴ്ചയാവുന്നു. 2011പ്രസിഡന്‍്റ് ബശ്ശാറുല്‍ അസദിനെതിരെ തുടങ്ങിയ പ്രതിഷേധമാണ് സിറിയയുടെ രാഷ്ട്രീയചിത്രം പാടെ വികലമായ സംഭവ പരമ്പരകളുടെ തുടക്കം.


തുടര്‍ന്നു നടന്ന ആഭ്യന്തര യുദ്ധത്തില്‍ രണ്ടര ലക്ഷത്തോളം പേരാണ് ജീവന്‍ വെടിഞ്ഞത്. നാലര ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായെന്നും യു.എന്‍ പറയുന്നു. ഈ മേഖലയില്‍ ഇപ്പോഴും അസദിന്‍്റെ സൈനിക സാന്നിധ്യം ഉണ്ടെന്ന് അല്‍ ജസീറ പറയുന്നു. അസദിന്‍്റെ സൈന്യം മാത്രമല്ല, സിറിയയെ  ലക്ഷ്യമിട്ട ഐ.എസും മറ്റു വിമത സംഘങ്ങളും ഒരുപോലെ ചവിട്ടിക്കുഴച്ച മണ്ണില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാവാതെ ലോകത്തിന്‍്റെ കണ്ണിലേക്ക് ദൈന്യതയോടെ ഉറ്റു നോക്കുകയാണിവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.