അമേരിക്കക്ക് ചൈനയുടെ ആനിമേഷൻ ട്രീറ്റ്​മെൻറ്​​ - Video

ബീജിങ്: കൊറോണ വൈറസി​​​​െൻറ പേരിൽ പ്രതിസ്ഥാനത്ത് നിർത്തി നിരന്തരം ആക്രമിക്കുന്ന അമേരിക്കക്കും പ്രസിഡൻറ്​ ഡോണൾഡ് ട്രംപിനും ആനിമേഷനിലൂടെ തിരിച്ചടി നൽകി ചൈന.

അമേരിക്കയെ പരിഹസിക്കുന്ന ഒന്നര മിനിറ്റിലേറെയുള്ള ചൈനയുടെ ആനിമേഷൻ വിഡിയോ വൈറലായിരിക്കുകയാണ്. ഫ്രാന്‍സിലെ ചൈനീസ് എംബസി ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ 21 ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നിരന്തരം നല്‍കിയിട്ടും അവഗണിച്ച അമേരിക്ക ഇപ്പോൾ കുറ്റപ്പെടുത്തലുമായി എത്തിയിരിക്കുകയാണെന്ന് ചൈന ഇതിലൂടെ പറയുന്നത്.  

ഡിസംബർ മുതൽ ചൈന നൽകുന്ന മുന്നറിയിപ്പുകളും അമേരിക്ക അതിനെ അവഗണിക്കുന്നതുമാണ്  ‘വൺസ് അപ്പോൺ എ വൈറസ്’ എന്ന പേരിലുള്ള ആക്ഷേപഹാസ്യ വിഡിയോയിലുള്ളത്. രണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് വിഡിയോയിലുള്ളത്. 

മാസ്ക് ധരിച്ച കളിമൺ യോദ്ധാവ് (terracotta warrior) ചൈനയെ പ്രതിനിധീകരിക്കുമ്പോൾ സ്റ്റാച്യൂ ഓഫ് ലിബർട്ടിയാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. സ്റ്റാച്യൂ ഓഫ് ലിബർട്ടി മാസ്ക് ധരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ഡിസംബറിൽ അപരിചിതമായ ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ചൈനീസ് യോദ്ധാവ് പറയുന്നിടത്താണ് തുടക്കം. ‘ശരി, നോക്കാം’ എന്ന മറുപടിയുമായി അപ്പോൾ ലോകാരോഗ്യ സംഘടന എത്തുന്നുണ്ട്. ജനുവരിയിൽ ചൈന പറയുന്നു, 'ഞങ്ങൾ പുതിയൊരു വൈറസിനെ കണ്ടെത്തി'. ‘അതിനെന്താ?’ എന്നാണ് അമേരിക്കയുടെ മറുപടി. ഇത് അപകടകാരിയാണെന്നായി ചൈന. വെറും ഫ്ലൂ മാത്രമെന്ന് അമേരിക്ക. മാസ്ക് ധരിക്കണമെന്ന് ചൈന. ആവശ്യമില്ലെന്ന് അമേരിക്കയും.

വീട്ടിലിരിക്കണമെന്ന് ചൈന നിർദേശിക്കുമ്പോൾ അതു മനുഷ്യാവകാശ ലംഘനമാണെന്നാണ് അമേരിക്കയുടെ മറുപടി. ചൈന താൽക്കാലിക ആശുപത്രികൾ 10 ദിവസം കൊണ്ടു നിർമിച്ചെന്ന് അവകാശപ്പെടുമ്പോൾ അതു കോൺസൺട്രേഷൻ ക്യാമ്പ് ആണെന്നും ഷോ ആണെന്നും അമേരിക്ക പറയുന്നു. ലോക്ഡൗണിനുള്ള സമയമായെന്നു ചൈന പറയുമ്പോൾ, എത്ര അപരിഷ്കൃതമാണെന്നാണ് അമേരിക്കയുടെ കളിയാക്കൽ.

ഫെബ്രുവരിയിൽ തങ്ങളുടെ ആരോഗ്യ സംവിധാനം നിറഞ്ഞുകവിഞ്ഞെന്നായി ചൈന. ആരോഗ്യരംഗത്തു ചൈന എത്ര മാത്രം പിന്നിലാണെന്ന പരിഹാസവുമായി അമേരിക്ക. വൈറസ് ഡോക്ടർമാരെ കൊല്ലുകയാണെന്നു ചൈന വെളിപ്പെടുത്തമ്പോൾ തനി മൂന്നാം ലോകമെന്നായി അമേരിക്കൻ ആക്ഷേപം. വൈറസ് വായുവിലൂടെ പരക്കുമെന്ന് ചൈന പറയുമ്പോൾ, ഏപ്രിലോടെ അദ്ഭുതകരമായി അതു പോകും എന്നാണ് അമേരിക്കയുടെ മറുപടി.

മാർച്ചിൽ ഞങ്ങളുടെ രോഗികൾ കുറഞ്ഞെന്നും മാസ്ക് ധരിച്ചതാണു ഗുണമായതെന്നും ചൈന പറയുന്നു. നിങ്ങൾ ഞങ്ങളോടു നുണ പറഞ്ഞെന്നും എല്ലാം രഹസ്യമാക്കി വച്ചെന്നുമാണ് അപ്പോൾ അമേരിക്കയുടെ കുറ്റപ്പെടുത്തൽ. 

കാര്യങ്ങൾ വഷളാകുന്നതോടെ നിങ്ങൾ തെറ്റായ ഡേറ്റയാണു പുറത്തുവിട്ടത്, ഞങ്ങളെ ഭീഷണിപ്പെടുത്താൻ നിങ്ങളാര്?, വൈറസ് അപകടകാരിയല്ല, ലോകാരോഗ്യ സംഘടന കാരണമാണ് മൂന്നു മാസത്തോളം ഞങ്ങളൊന്നും ചെയ്യാഞ്ഞത്, അവർക്കുള്ള ധനസഹായം നിർത്തുകയാണ് എന്നൊക്കെ അമേരിക്ക പറയുന്നു. 

തങ്ങളാണ് എപ്പോഴും ശരിയെന്ന് അമേരിക്ക അവകാശപ്പെടുകയാണെന്നാണ് വിഡിയോയിലൂടെ ചൈന പറയാൻ ശ്രമിക്കുന്നത്.

അമേരിക്കയെ ഉപദേശിക്കേണ്ടതില്ലെന്നും ഞങ്ങള്‍ എപ്പോഴും ശരിയായ കാര്യങ്ങള്‍ മാത്രമാണ് ചെയ്യാറുള്ളതെന്നും സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി പറയുന്നുണ്ട്.

Tags:    
News Summary - Once upon a virus China mocks US with video-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.