തെൽ അവീവ്: ഗസ്സ അധിനിവേശത്തിനിടെ 2023 ഡിസംബറിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ ഐ.ഡി.എഫ് സൈനികൻ ഡേവിഡ് ബോഗ്ഡനോവ്‌സ്‌കിയുടെ ശിരോഫലകത്തിൽനിന്ന് കുരിശ് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഹൈഫയിലെ സൈനിക സെമിത്തേരിക്ക് പുറത്തേക്ക് ഭൗതികാവശിഷ്ടങ്ങൾ മാറ്റണമെന്നും നിർദേശം പുറപ്പെടുവിച്ച് ഇസ്രായേൽ മന്ത്രാലയം.
എന്നാൽ, മകന്റെ ഇസ്രായേലിനോടുള്ള വിധേയത്വം പങ്കുവെച്ച അവന്റെ അമ്മ ഈ സംഭവത്തിലൂടെ താൻ അപമാനിക്കപ്പെട്ടുവെന്ന് പ്രതികരിച്ചു. ഡേവിഡ് ഇസ്രായേലിനെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് സ്നേഹിച്ചിരുന്നു. അവന്റെ ശിരോഫലകത്തിലെ കുരിശ് വ്യക്തിപരമായ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നു പറഞ്ഞ അവർ ഒക്ടോബറിൽ മകന്റെ ശവകുടീരം സന്ദർശിച്ച താൻ കറുത്ത തുണികൊണ്ട് മൂടിയ ശിരോഫലകം കണ്ടുവെന്നും അതിലൂടെ അപമാനിതയായെന്നും പറഞ്ഞു. ഉക്രെയ്ൻ വംശജനായ ഡേവിഡ് ബോഗ്ഡനോവ്സ്കി 2014ലാണ് ഇസ്രായേലിലേക്ക് കുടിയേറിയത്. ഗസ്സയിലെ ഖാൻ യൂനിസിൽ 19ാം വയസ്സിൽ കൊല്ലപ്പെടും മുമ്പ് കോംബാറ്റ് എൻജിനീയറിങ് കോർപ്സിൽ സേവനമനുഷ്ഠിച്ചിരുന്നു.
ഇസ്രായേലിലെ സൈനിക ശവകുടീരങ്ങളിൽ കുരിശുകൾ ഉൾപ്പെടെയുള്ള മതചിഹ്നങ്ങൾ ‘തലക്കല്ലു’കളിൽ പ്രത്യക്ഷപ്പെടുന്നതിനെ വിലക്കുന്നതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു. സമീപത്ത് അടക്കം ചെയ്തവരുടെ ബന്ധുക്കളായ ജൂത കുടുംബങ്ങളിൽ നിന്നുള്ള പരാതികളാണ് ഈ വിലക്കിന് കാരണമെന്നും മന്ത്രാലയം പറയുന്നു. സെമിത്തേരിയിലെ കുരിശ് തങ്ങളുടെ വിശ്വാസമനുസരിച്ച് പ്രാർഥിക്കുന്നതിനും കദ്ദിഷ് വിലാപ പ്രാർത്ഥന വായിക്കുന്നതിനും തടസ്സമാവുന്നുവെന്നാണ് ജൂത കുടുംബങ്ങളുടെ വാദം.
എന്നാൽ, ശ്മശാനത്തിൽ അടക്കം ചെയ്തിരിക്കുന്ന പ്രിയപ്പെട്ടവരോടൊപ്പമുള്ള എല്ലാവരെയും മാനിക്കുന്ന ഒരു ഒത്തുതീർപ്പിന് മുൻഗണന നൽകുകയും പരിഹാരം കണ്ടെത്തുന്നതിന് കുടുംബവുമായി ചേർന്ന് പ്രവർത്തിക്കുന്നതായും പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. മന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ ഐ.ഡി.എഫിന്റെ ചീഫ് റബ്ബി പിന്തുണച്ചിട്ടുണ്ട്. കുരിശ് സെമിത്തേരിയുടെ പവിത്രതക്ക് ഹാനികരമാണെന്ന് കരുതുന്നുവെന്നാണ് റബ്ബിയുടെ വാദം.
വിവാഹം, ശവസംസ്‌കാരം അടക്കമുള്ള വിഷയങ്ങൾ മത അധികാരികളാൽ നിയന്ത്രിക്കപ്പെടുന്ന ഇസ്രായേലിൽ, പൊതു ഇടങ്ങളിലെ മതചിഹ്നങ്ങളെച്ചൊല്ലിയുള്ള അസഹിഷ്ണുത മുറുകുന്നുവെന്ന സൂചനയാണ് ഈ സംഭവം നൽകുന്നത്. 2013 മുതൽ ഇസ്രായേൽ ഭരണകൂടം ജൂതന്മാരല്ലാത്ത ഐ.ഡി.എഫ് സൈനികരെ സൈനിക സെമിത്തേരികളിൽ അടക്കം ചെയ്യാൻ അനുവദിക്കുന്നുണ്ട്. എന്നാൽ, പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ നിലപാട് രാജ്യത്തിന്റെ രാഷ്ട്രീയ നയങ്ങളിൽ മതപരമായ സ്വാധീനത്തെ അടിവരയിടുന്നു. ഇസ്രയേലിനെ സേവിക്കുന്ന എല്ലാ സൈനികരുടെയും മതപരമായ സ്വത്വങ്ങളെ ഉൾക്കൊള്ളുന്ന നയങ്ങൾക്കായി നിലയുറപ്പിച്ചവരുടെ വാദത്തിന് ശക്തിപകരുന്നതാണ് പുതിയ വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.