ജറൂസലം: ഗസ്സക്കു പിന്നാലെ ലബനാനിലും കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി യൊആവ് ഗാലന്‍റിന്‍റെ കത്ത്. ഇസ്രായേലിന്‍റെ യുദ്ധ തന്ത്രങ്ങൾക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങൾ പുതുക്കി നിശ്ചയിക്കണമെന്നും രഹസ്യ കത്തിൽ പറയുന്നു. കത്തിലെ വിവരങ്ങൾ ‘ചാനൽ 13’ ആണ് പുറത്തുവിട്ടത്.
ജറൂസലം പോസ്റ്റും ഇക്കാര്യം സ്ഥിരീകരിച്ചു. ഇറാനിൽ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്‍റ് രസഹ്യ കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകൾ കത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലിനുള്ള ഭീഷണികൾ വർധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങൾക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങൾ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തിൽ ചൂണ്ടിക്കാട്ടി.
യുദ്ധത്തിൽ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിർണയിക്കാതെ മുന്നോട്ടുപോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂർച്ഛിക്കുന്ന സംഘർഷാവസ്ഥ ബഹുതലങ്ങളിൽനിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഗാലന്‍റ് പറയുന്നു. ഗസ്സയിൽ ഭീഷണികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളർച്ച നിർത്തലാക്കുകയും വേണമെന്ന് കത്തിലുണ്ട്. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയൻ സർക്കാർ മാതൃക വളർത്തിക്കൊണ്ടുവരണമെന്നും ഗാലന്‍റ് നിർദേശിച്ചു.
ലബനാൻ അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കി ജനത്തെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരണം. ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അക്രമസമാധ്യതകൾ അടിച്ചമർത്തണമെന്നും ഗാലന്റ് കത്തിൽ പറയുന്നു. അതേസമയം, ഗാലന്റിന്റെ ആശങ്കകൾ നെതന്യാഹുവിന്‍റെ ഓഫിസ് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.