ഇസ്ലാമാബാദ്: ന്യൂഡൽഹിയിലെ പാക് സ്ഥാനപതിയെ ഇന്ത്യ വിളിച്ച് പ്രതിഷേധം അറിയിച ്ചതിന് പിന്നാലെ, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയെ പാക് വിദേശകാര്യ സെക്രട്ടറി തെഹ്മീന ജാൻജുവ വിളിച്ചുവരുത്തി.
തങ്ങളുടെ ഹൈകമീഷണറെ വിളിച്ചുവരുത്തിയ നടപടിയിൽ പ്രതിഷേധം അറിയിച്ച പാകിസ്താൻ, കശ്മീരിലെ ജനങ്ങൾക്ക് നൽകിവരുന്ന പിന്തുണ തുടരുമെന്ന് വ്യക്തമാക്കി. ബുധനാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പാക് ഹൈകമീഷണർ സുഹൈൽ മഹ്മൂദിനെ വിളിപ്പിച്ച് കശ്മീരിലെ പാക് ഇടപെടലിൽ പ്രതിഷേധം അറിയിച്ചത്.
പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി കശ്മീർ വിമത നേതാവ് മിർവായിസ് ഉമർ ഫാറൂഖുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇത് ഇന്ത്യൻ അഖണ്ഡത തകർക്കാനുള്ള ശ്രമമാണെന്ന് ഗോഖലെ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു.
ഇന്ത്യൻ സ്ഥാനപതിയെ വിളിച്ച് പ്രതിഷേധം അറിയിച്ച സംഭവം പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് റേഡിയോ പാകിസ്താൻ ആണ് റിപ്പോർട്ട് ചെയ്തത്.
കശ്മീർ തർക്കപ്രദേശമാണെന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതാണെന്ന് ജാൻജുവ പറഞ്ഞു. കശ്മീർ ജനതയുടെ സ്വയം നിർണയാവകാശത്തിനുള്ള പിന്തുണ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.