ലണ്ടൻ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഉപരോധം കർശനമായി നടപ്പാക്കിത്തുടങ്ങിയതോടെ ഇറാൻ എണ്ണ കയറ്റുമതി കുത്തനെ ഇടിയുന്നു. ഇറാനുമായി വ്യാപാരകരാറിൽനിന്ന് മിക്ക രാജ്യങ്ങളും പിൻവാങ്ങിയതോടെ നിലവിലെ എണ്ണ കയറ്റുമതി മാസങ്ങൾക്കകം മൂന്നിലൊന്നായി ചുരുങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഗോളതലത്തിൽ എണ്ണക്ക് ക്ഷാമം നിലനിൽക്കെയാണ് ഇറാനെ വരിഞ്ഞുമുറുക്കി ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്.
മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ കാർമികത്വത്തിൽ വൻശക്തി രാജ്യങ്ങളുടെ തലവന്മാർ ചേർന്ന് ഒപ്പുവെച്ച ഇറാൻ ആണവ കരാറിൽനിന്ന് ട്രംപ് അടുത്തിടെ പിൻവാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാനെ എണ്ണവിപണിയിൽനിന്ന് സമ്പൂർണമായി വിലക്കാൻ ലക്ഷ്യമിട്ട് ഉപരോധം പ്രഖ്യാപിച്ചത്. ഇറാൻ എണ്ണയെ മാത്രം ആശ്രയിക്കുന്ന ചില സഖ്യരാഷ്ട്രങ്ങൾക്ക് ഇളവ് നൽകുമെന്ന് യു.എസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ ആശ്വാസമുണ്ടാകില്ല. യൂറോപ്യൻ യൂനിയെൻറ ആവശ്യം കഴിഞ്ഞ ദിവസമാണ് യു.എസ് തള്ളിയത്.
ഉപരോധം നടപ്പിൽവരുന്നതോടെ ഇറാൻ എണ്ണ കയറ്റുമതി പ്രതിദിനം ഏഴുലക്ഷം ബാരലായി ചുരുങ്ങും. ഇതിലേറെയും ചൈനക്കായിരിക്കും. ഇറാനുമായി കരാർ നിലനിൽക്കുന്ന ഇന്ത്യ, തുർക്കി, യു.എ.ഇ, കൊറിയ എന്നീ രാജ്യങ്ങൾക്കും ചെറിയ അളവിൽ എണ്ണ ലഭിക്കും.
ട്രംപിെൻറ ഉപരോധം കണക്കിലെടുക്കില്ലെന്ന് പ്രഖ്യാപിച്ച ചൈന മാത്രം ഇറാനിൽനിന്ന് 6,50,000 ബാരൽ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. തൊട്ടുപിറകെയുള്ള ഇന്ത്യ 5,50,000 ബാരൽ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും യു.എസ് സമ്മർദങ്ങൾക്ക് വഴങ്ങേണ്ടിവരുമെന്നാണ് സൂചന. മറ്റു രാജ്യങ്ങളുമായി അടിയന്തരമായി കരാറിലെത്താൻ യു.എസ് ഇന്ത്യക്ക് നിർദേശം നൽകിയിട്ടുണ്ട്. 3,70,000 ബാരൽ ഇറക്കുമതി ചെയ്യുന്ന ദക്ഷിണ കൊറിയയും ജപ്പാനും യു.എസ് ഇളവ് നൽകിയില്ലെങ്കിൽ നിർത്തുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ നേരേത്തതന്നെ 40 ശതമാനത്തോളം ഇറക്കുമതി കുറച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ എം.യു.എഫ്.ജി ഇറാനുമായി എല്ലാ സാമ്പത്തിക ഇടപാടുകളും അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യൂറോപ്പിൽ ഇറാെൻറ പ്രധാന വ്യാപാരപങ്കാളികളായ ഇറ്റലിയും തുർക്കിയും ട്രംപിനു വഴങ്ങേണ്ടിവരും. നടപ്പുവർഷം ആദ്യപാതിയിൽ യൂറോപ്പിലെത്തിയ ഇറാൻ എണ്ണയുടെ ഭൂരിഭാഗവും ഇൗ രണ്ടു രാജ്യങ്ങൾക്കായിരുന്നു. ഗ്രീസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ എണ്ണ സംസ്കരണശാലകൾ നേരേത്തതന്നെ ഇറാനിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് നിർത്തിവെച്ചിരുന്നു.
അതേസമയം, ഇറാനുമായി വ്യാപാരബന്ധം അവസാനിപ്പിക്കില്ലെന്ന് തുർക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.