ഇസ്രായേലിനും അമേരിക്കക്കും കനത്ത തിരിച്ചടി നൽകും; മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്

തെഹ്റാൻ: തങ്ങൾക്കെതിരെയുള്ള സൈനിക നടപടിക്ക് ഇസ്രായേലും അമേരിക്കയും കനത്ത തിരിച്ചടി നേരിടുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച ഇസ്രായേലിന് കനത്ത തിരിച്ചടി നൽകാൻ ഇറാൻ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഖാംനഈയുടെ മുന്നറിയിപ്പ്.

ഇസ്ലാമിക വിപ്ലവത്തിനു പിന്നാലെ യു.എസ് എംബസി 1979ൽ വിദ്യാർഥികൾ പിടിച്ചടക്കിയതിന്‍റെ വാർഷികത്തിന്‍റെ ഭാഗമായി തെഹ്റാനിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖാംനഈ. ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുതയുടെ തുടക്കവും അതായിരുന്നു. ‘ശത്രുക്കൾ സയണിസ്റ്റ് ഭരണകൂടമായാലും അമേരിക്കയായാലും അവർ ഇറാനോടും സഖ്യരാജ്യങ്ങളോടും ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങളോടും ചെയ്യുന്ന കാര്യങ്ങൾക്ക് കനത്ത തിരിച്ചടി നേരിടും’ -ഖാംനഈ പറഞ്ഞു.

ഇറാന്‍റെ മിസൈൽ ആക്രമണത്തിനു തിരിച്ചടിയായി ഒക്ടോബർ 26ന് ഇറാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തുകയും നാലു സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബർ ഒന്നിനാണ് ഇസ്രായേലിനുനേരെ ഇറാൻ 200ഓളം ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കുന്നത്. നവംബർ അഞ്ചിലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇസ്രായേലിനെ ഇറാൻ ആക്രമിച്ചേക്കുമെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക ഇറാൻ തയാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറാനിൽനിന്ന് നേരിട്ട് ആക്രമിക്കുന്നതിന് പകരം ഇറാഖിലെ തങ്ങളെ അനുകൂലിക്കുന്ന സായുധ വിഭാഗത്തെ ഉപയോഗിച്ച് ആക്രമിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്. അതേസമയം, ഇറാനിൽ എവിടെയും ആക്രമണം നടത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും ഇറാൻ ആണവായുധം ഉണ്ടാക്കുന്നത് തടയാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Khamenei warns Israel, US of ‘crushing response’ for actions against Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.