കൊളംബോ: ശ്രീലങ്കയിൽ നവംബർ 16 വരെ പാർലമെൻറ് നടപടികൾ മരവിപ്പിച്ചത് പ്രസിഡൻറ് മൈത്രിപാല സിരിസേന റദ്ദാക്കി. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ അട്ടിമറിച്ച് മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സയെ നിയമിച്ചതോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കണമെന്ന് അന്താരാഷ്ട്രതലത്തിൽ സമ്മർദമുയർന്നതോടെയാണ് തീരുമാനം.
കഴിഞ്ഞദിവസം സിരിസേനയും സ്പീക്കർ കരു ജയസൂര്യയും വിഷയം ചർച്ച ചെയ്തിരുന്നു. തിങ്കളാഴ്ച പാർലെമൻറ് സമ്മേളനം നടത്താൻ സിരിസേന അനുമതി നൽകിയതായി അദ്ദേഹത്തിെൻറ ഒാഫിസ് അറിയിച്ചു. സിരിസേനയുടെ തീരുമാനത്തെ സ്വാഗതംചെയ്ത വിക്രമസിംഗെ ജനാധിപത്യത്തിെൻറ വിജയമാണിതെന്ന് പ്രതികരിച്ചു. പാർലമെൻറിൽ ഭൂരിപക്ഷം തെളിയിച്ച് പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡൻറ് പുറത്താക്കിയിട്ടും അധികാരമൊഴിയാൻ വിക്രമസിംഗെ തയാറായിരുന്നില്ല.
225അംഗ പാർലമെൻറിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിക്ക് (യു.എൻ.പി)106 ഉം രാജപക്സ-സിരിസേന സഖ്യത്തിന് 95ഉം എം.പിമാരാണുള്ളത്. തമിഴ് നാഷനൽ അലയൻസിന് 16ഉം പീപ്പ്ൾസ് ലിബറേഷൻ ഫ്രണ്ടിന് ആറും സീറ്റുകളുണ്ട്. യു.എൻ.പിയിൽനിന്ന് അഞ്ചുപേരെ തെൻറ പക്ഷത്തേക്ക് തന്ത്രപൂർവം മാറ്റുന്നതിൽ രാജപക്സ വിജയിച്ചിട്ടുണ്ട്. തുടർന്ന് വിക്രമസിംഗെയുടെ ഭൂരിപക്ഷം 101ആയി ചുരുങ്ങി. ഒരു യു.എൻ.പി എം.പി കൂടി രാജപക്സക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 113 അംഗങ്ങളുണ്ടെങ്കിൽ കേവല ഭൂരിപക്ഷം തെളിയിക്കാം. രാജപക്സ അതെങ്ങനെ മറികടക്കുമെന്നത് അജ്ഞാതമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.