ഡമസ്കസ്: സിറിയയിലെ വിമത കേന്ദ്രമായ അലപ്പോയില്‍ രണ്ട് ബാരല്‍ ബോംബാക്രമണങ്ങളില്‍ ഒരു ആശുപത്രി കൂടി തകര്‍ന്നു. മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയാണിത്.
കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ മേഖലയിലെ ഏറ്റവും വലിയ ആശുപത്രി നിലംപൊത്തിയിരുന്നു. ആക്രമണത്തെ യുദ്ധക്കുറ്റമെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചത്. കിഴക്കന്‍ മേഖലയില്‍ ഏതാനും ആശുപത്രികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.
അതിനിടെ, റഷ്യന്‍-സിറിയ സേനകളുടെ ആക്രമണത്തില്‍ സഖൂര്‍ മേഖലയിലെ ആശുപത്രിക്കു നാശം സംഭവിച്ചതായി മനുഷ്യാവകാശ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഏറ്റവും അപകടം പിടിച്ച മേഖലയാണ് സിറിയയെന്ന് ലോകാരോഗ്യ സംഘടന ആശങ്കപ്പെട്ടു. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം ഒരു ഭാഗത്ത് തുടരുന്നതിനിടെ റഷ്യ ആക്രമണം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ്.
ഒരു വര്‍ഷമായി ബശ്ശാര്‍ സൈന്യത്തിന് പിന്തുണയുമായി സിറിയയില്‍ വ്യോമാക്രമണം തുടരുകയാണ് റഷ്യ.ഒരു വര്‍ഷം നീണ്ട റഷ്യന്‍ ആക്രമണത്തില്‍ 10,000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. അലപ്പോയിലെ കൂടുതല്‍ മേഖലകള്‍ ലക്ഷ്യമിട്ട് റഷ്യന്‍സൈന്യം കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന ആക്രമണത്തില്‍ 30 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഡമസ്കസിലെ വിവിധ മേഖലകളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 18 പേര്‍ മരിച്ചതായി മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസും റഷ്യയുമുണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതോടെ സെപ്തംബര്‍ 19 മുതല്‍ അലപ്പോയില്‍ അനുസ്യൂതം തുടരുന്ന ആക്രമണങ്ങളില്‍ 100 കുട്ടികളുള്‍പ്പെടെ 320 പേരുടെ ജീവന്‍ പൊലിഞ്ഞതായി യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.