വ്യോമതാവളത്തില്‍ റോക്കറ്റാക്രമണം; ഇസ്രായേലിന് സിറിയയുടെ താക്കീത്

ഡമസ്കസ്: സിറിയയിലെ തന്ത്രപ്രധാന സൈനിക വ്യോമതാവളത്തിലേക്ക് റോക്കറ്റ് തൊടുത്ത ഇസ്രായേലിന് ബശ്ശാര്‍ സൈന്യത്തിന്‍െറ താക്കീത്. ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം മുന്നറിയിപ്പുനല്‍കി. ശക്തമായ സ്ഫോടനത്തിന്‍െറ ശബ്ദംകേട്ട് പുറത്തുവന്ന തദ്ദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. ഡമസ്കസിനു പുറത്തെ ഈ വ്യോമതാവളത്തില്‍ റോക്കറ്റ് പതിച്ചതിനെ തുടര്‍ന്ന് മാസെഹ് വിമാനത്താവളത്തിനു ചുറ്റും കറുത്ത പുകയുയര്‍ന്നു. ഇതിന്‍െറ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബശ്ശാറിന്‍െറ കൊട്ടാരത്തില്‍നിന്ന് ഏതാനും കി.മീ. അകലെയാണ് ഈ വ്യോമതാവളം. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ഗാര്‍ഡുകളുടെ താവളമായ മാസേഹ് സൈനികത്താവളത്തിലേക്ക് തിബ്രിയാസ് തടാകത്തിനു സമീപത്തുനിന്ന് ഇസ്രായേല്‍ നിരവധി തവണ റോക്കറ്റാക്രമണം നടത്തിയതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

സിറിയക്കുനേരെ മൂന്നാംതവണയാണ് ഇസ്രായേല്‍ റോക്കറ്റാക്രമണം നടത്തുന്നത്. ഡിസംബര്‍ ഏഴിന്   ഭൂതല-ഭൂതല മിസൈലും ഒരാഴ്ച മുമ്പ് ഡമസ്കസിനു സമീപമുള്ള ലെബനാനിലെ വ്യോമതാവളത്തില്‍ നിന്ന് രണ്ടു മിസൈലുകളും തൊടുത്തതായി സനാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, മൂന്നു സംഭവങ്ങളിലും ഇസ്രായേല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

റഷ്യന്‍-ഇറാന്‍ നിര്‍മിത അത്യാധുനിക മിസൈല്‍ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍, സിറിയയില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ രണ്ടു മിസൈലാക്രമണം നടത്തിയതായി സൈന്യം അറിയിച്ചു. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഹിസ്ബുല്ല സംഘത്തിന്‍െറ ഇടപെടല്‍ ഇസ്രായേല്‍ ആശങ്കയോടെയാണ് കാണുന്നത്. ഹിസ്ബുല്ല സംഘത്തിന്‍െറ ശക്തമായ പിന്തുണയോടെയാണ് സൈന്യം അലപ്പോ തിരിച്ചുപിടിച്ചത്.

Tags:    
News Summary - syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.