യുനൈറ്റഡ് നേഷൻസ്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മനുഷ്യസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോ വിഡ് വ്യാപനം ഉണ്ടാക്കിയതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ലോകം മുഴുവൻ വ്യാപിച്ച ഇൗ പ്രതി സന്ധി നാം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മാന്ദ്യം വിവിധ മേഖലകളിൽ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ ് നൽകി. കോവിഡിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ട് അവതരിപ്പിക്കു കയായിരുന്നു സെക്രട്ടറി ജനറൽ.
മറ്റു വ്യത്യസ്തതകളും താൽപര്യങ്ങളും മാറ്റിവെച്ച് മനുഷ്യ സമൂഹം ഒരുമിച്ച് നേരിടേണ്ട വെല്ലുവിളിയാണ് കോവിഡ്. ആഗോള മനുഷ്യ സമൂഹം ഇതിനെതിരായ തയാറെടുപ്പുകൾ നടത്തിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും.
ഏഴര പതിറ്റാണ്ടിനിടെ ഇത്തരമൊരു പ്രതിസന്ധി യു.എൻ അഭിമുഖീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. കോവിഡ് ഒരു ആരോഗ്യ പ്രതിസന്ധി മാത്രമല്ല, അത് സമൂഹങ്ങളെ അടിമുടി തകർക്കും. അരക്ഷിതാവസ്ഥയും അനിശ്ചിതാവസ്ഥയും സൃഷ്ടിക്കും.
ഒരു ആഗോള സമൂഹം എന്ന രീതിയിൽ കോവിഡിനെതിരായ പ്രവർത്തനം നമുക്ക് ഇനിയും സാധ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങൾ പിന്തുടരാൻ പോലും പല രാജ്യങ്ങളും ഇനിയും തയാറായിട്ടില്ല.
എറ്റവും ദുർബലമായ ആരോഗ്യ സംവിധാനമുള്ള രാജ്യത്തിന്റെ പിഴവുകൾ പോലും ആഗോള സമൂഹം എന്ന നിലയിൽ എല്ലാവരെയും ബാധിക്കും. അതിനാൽ അവികസിത രാജ്യങ്ങളിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ വികസിത രാജ്യങ്ങൾ ഇടപെടൽ നടത്തണം.
കോവിഡ് പ്രത്യാഘാതങ്ങൾ മറികടക്കാനുള്ള പാക്കേജുകളെല്ലാം ലക്ഷ്യം വെക്കുന്നത് വികസിത രാജ്യങ്ങളെ തന്നെയാണ്. ആഗോള സമൂഹത്തെ മുന്നിൽ കണ്ടുള്ള ഒരു സാമ്പത്തിക പാക്കേജ് നമുക്ക് ഇനിയും സാധ്യമായിട്ടില്ല.
അവികസിത രാജ്യങ്ങളും വികസനപാതയിലുള്ള രാജ്യങ്ങളും ഇൗ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നത് വലിയ ചോദ്യമായി അവശേഷിക്കുകയാണ്. രോഗ നിയന്ത്രണം സാധ്യമാക്കാനും സാമ്പത്തിക, സാമൂഹിക മേഖലകളിൽ അതുണ്ടാക്കുന്ന പ്രതിസന്ധി അതിജീവിക്കാനും വലിയ സഹായങ്ങൾ ആവശ്യമുണ്ട്. വ്യവസായങ്ങളുടെ തകർച്ച, അതുണ്ടാക്കുന്ന വലിയ തൊഴിൽ നഷ്ടം എന്നിവയെല്ലാം അതിജീവിക്കുക കഠിനമായ ദൗത്യമായിരിക്കും.
2020ൽ ആഗോള തലത്തിൽ 50 ലക്ഷം മുതൽ രണ്ടര കോടി വരെ തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു. 3.4 ലക്ഷം കോടി ഡോളറിന്റെ വരുമാന നഷ്ടമാണ് ഇതുണ്ടാക്കുക.
ചെറുകിട, ഇടത്തരം സാമ്പത്തിക വളർച്ച മാത്രമുള്ള രാജ്യങ്ങളെ ഇൗ പ്രതിസന്ധിയിൽ സഹായിക്കാൻ പ്രത്യേക കോവിഡ് ഫണ്ട് രൂപവത്കരിക്കുമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. അന്താരാഷ്ട്ര നാണ്യ നിധി പോലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ വികസിത രാജ്യങ്ങളുടെ ശ്രദ്ധ പതിയണമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
അഭയാർഥികളും ആട്ടിയോടിക്കപ്പെട്ടവരുമായ ലക്ഷക്കണക്കിന് ആളുകളുടെ കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം കരുണാപരമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുടിൻ, ജർമൻ ചാൻസ്ലർ ആൻഗല മെർക്കൽ എന്നിവർ അവികസിത ആഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കാൻ വൻകിട വ്യാവസായിക രാജ്യങ്ങൾ മുന്നോട്ട് വരണമെന്ന ആശയം പങ്കുവെച്ചിരുന്നു. ഇൗ ആശയം യാഥാർത്ഥ്യമാക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.