ഇസ്ലാമാബാദ്: പാകിസ്താനിൽ യാത്ര ട്രെയിനിൽനിന്ന് ബന്ദികളാക്കിയ 214 സൈനികരെ കൊലപ്പെടുത്തിയതായി ബലൂച് ലിബറേഷൻ ആർമി. ബലൂച് രാഷ്ട്രീയതടവുകാരെ വിട്ടയക്കാൻ നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് ബന്ദികളെ കൊലപ്പെടുത്തിയത്. പാകിസ്താൻ സർക്കാറിന്റെ ശാഠ്യം ബന്ദികളെ കൊലപ്പെടുത്താൻ നിർബന്ധിതരാക്കിയെന്നും ബി.എൽ.എ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനായി പാകിസ്താൻ തടവിലാക്കിയ ബലൂച് രാഷ്ട്രീയ തടവുകാരെയും പ്രവർത്തകരെയും മോചിപ്പിക്കാൻ 48 മണിക്കൂർ സമയമാണ് ബി.എൽ.എ സർക്കാറിന് നൽകിയിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി തട്ടിയെടുത്തത്. ഒമ്പത് ബോഗികളിലായി 400 ലധികം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു.
ബന്ദികളിൽ 155 പേരെ മോചിപ്പിച്ചെന്ന് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ സൈന്യം മോചിപ്പിച്ചതല്ല, സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും തങ്ങൾ സ്വമേധയാ മോചിപ്പിച്ചതാണെന്ന് ബി.എൽ.എ വക്താവ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.