ഹാഫിസ് സഈദിനൊപ്പം അബു ഖത്തൽ (ചുവപ്പ് വളയത്തിൽ)
ന്യൂഡൽഹി: ലഷ്കറെ ത്വയ്യിബ ഭീകരൻ അബു ഖത്തൽ പാകിസ്താനിൽ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്ന ലഷ്കറിന്‍റെ മുഖ്യ സൂത്രധാരനാണ് അബു ഖത്തലെന്ന് പൊലീസ് വ്യക്തമാക്കുന്നു. സുരക്ഷാസേനയും സുരക്ഷാ ഏജൻസികളും പിന്തുർന്നുവരികെയാണ് അബു ഖത്തൽ കൊല്ലപ്പെട്ടത്.
നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സഈദിന്‍റെ അടുത്ത സഹായിയായിരുന്നു ഖത്തൽ. ജമ്മു കശ്മീരിലെ റാസി ജില്ലയിൽ ശിവഖോരി ക്ഷേത്രത്തിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ബസിന് നേരെ ജൂൺ ഒമ്പതിന് നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയതും ഖത്തലാണെന്ന് സുരക്ഷ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ അബു ഖത്തലും ഉൾപ്പെട്ടിരുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കറെ ത്വയ്യിബയിലെ മൂന്നു ഭീകരർ ഉൾപ്പെടെ അഞ്ചു പേരാണ് പ്രതികൾ.
രജൗരിയിലെ ദാംഗ്രി വില്ലേജിലെ സിവിലിയൻമാരെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം ഏഴു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.