ബീജിങ്: കഴിഞ്ഞ ഒന്നര വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് ബീജിങ്. ശീതകാല ഒളിമ്പിക്‌സ് ആരംഭിക്കാൻ അഞ്ച് ദിവസം കൂടി ബാക്കി നിൽക്കെയാണ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ബീജിങിൽ കൂടിയ നിരക്കിൽ കോവിഡ് കേസുകൾ രേഖപ്പെടുത്തുന്നത്.
ഒളിംപിക്സ് കോവിഡ് ബബിളിനകത്ത് മാത്രം 36 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദിവസവും 60,000 പേരാണ് ബയോ ബബിളിൽ മാത്രം ബീജിങ്ങിൽ കോവിഡ് പരിശോധനക്ക് വിധേയരാകുന്നത്. ബബിളിൽ 100ൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
കോവിഡിനെ അകറ്റിനിർത്താൻ ശക്തമായ നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയിരുന്നത്. 'ക്ലോസ്ഡ് ലൂപ്' ബബിൾ നിയന്ത്രണങ്ങളും ഇതിൽ ഉൾപ്പെടും. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ വ്യവസായ രാജ്യമായ ചൈനക്ക് ഇത് വലിയ നഷ്ടം വരുത്തിവെച്ചുവെങ്കിലും ശീതകാല ഒളിംപിക്സിന്‍റെ പശ്ചാത്തലത്തിൽ കോവിഡിനെ അകറ്റിനിറുത്താൻ ഇതുകൊണ്ട് സാധിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാത്രമല്ല, ചൈനയിലെ പ്രധാന ആഘോഷമായ ചാന്ദ്ര പുതുവർഷാരംഭത്തിൽ കേസുകളുടെ എണ്ണം ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. പുതുവർഷം ആഘോഷിക്കാനും കുടുംബവുമായി ഒത്തുചേരാനും പതിനായിരങ്ങളാണ് സ്വദേശത്തേക്ക് മടങ്ങിയെത്തുക. ഇത് കോവിഡ് വർധനക്ക് ആക്കം കൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.