വാഷിങ്ടൺ: ഫലസ്തീന് നേരെ ആക്രമണം തുടരുന്ന ഇസ്രായേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രായേലിന്‍റെ അയൺ ഡോം സംവിധാനം കരുത്തുറ്റതാക്കാനാണ് ധനസഹായം. ഇതിനായി യു.എസ് കോൺഗ്രസിന്‍റെ പിന്തുണ തേടും. ഇസ്രായേലിന് വ്യോമ സഹായവും ഉറപ്പാക്കുമെന്നും ബൈഡൻ വ്യക്തമാക്കി. യു.എസ് പൗരന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഹമാസിനെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനോട് ഉപമിച്ച ബൈഡൻ, അയൽ രാജ്യത്തെ നശിപ്പിക്കുകയാണ് ഇരുവരുടെയും ലക്ഷ്യമെന്ന് ആരോപിച്ചു. ഇസ്രായേലിന്‍റെയും യുക്രെയ്ന്‍റെയും ജയം അമേരിക്കയുടെ ദേശസുരക്ഷക്ക് അനിവാര്യമാണ്. ഇസ്രായേലിന്‍റെ അയൺ ഡോം സംവിധാനം കരുത്തുറ്റതായി നിൽക്കേണ്ടതുണ്ട്. സഖ്യ രാജ്യങ്ങളെ ഉപേക്ഷിച്ചു പോകാൻ സാധിക്കില്ലെന്നും ബൈഡൻ വ്യക്തമാക്കി.
ഹമാസ് ബന്ദികളാക്കിയ യു.എസ് പൗരന്മാരെ മോചിപ്പിക്കുന്നതിനേക്കാൾ ഉയർന്ന മുൻഗണന മറ്റൊന്നിനുമില്ല. ബന്ദികളാക്കിയവരെ വീട്ടിലേക്ക് മടക്കി കൊണ്ടുവരാൻ യു.എസ് ഭരണകൂടം എല്ലാ വഴികളിലൂടെയും ശ്രമിക്കുകയാണ്. ഇക്കാര്യം ബന്ദികളുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. അമേരിക്കക്കാർ അടക്കം 200 പേരെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ടെന്നും ജോ ബൈഡൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.