ഗസ്സ സിറ്റി: ഇസ്രായേൽ തുടരുന്ന വ്യോമ-കരയാക്രമണവും കടുത്ത ഉപരോധവും മരണഭൂമിയാക്കിയ വടക്കൻ ഗസ്സയിൽ തുല്യതയില്ലാത്ത ക്രൂരത വീണ്ടും. ബയ്ത് ലാഹിയയിൽ 200ലേറെ അഭയാർഥികൾ തിങ്ങിക്കഴിഞ്ഞ അഞ്ചുനില കെട്ടിടം ബോംബിട്ടുതകർത്തു. ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ 109 പേരുടെ മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ 25 കുട്ടികളുമുണ്ട്. നിരവധി പേരെ കുറിച്ച് വിവരങ്ങളില്ല. പരിക്കേറ്റ 100ലേറെ പേരെ കമാൽ അദ്വാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്കുമുമ്പ് ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫിനെയുമടക്കം ഇസ്രായേൽ പിടിച്ചുകൊണ്ടുപോയതിനാൽ അടിയന്തര ശസ്ത്രക്രിയ പോലും നടത്താനാകാത്ത സ്ഥിതിയാണെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഹുസാൻ അബൂസഫിയ അറിയിച്ചു. ഗസ്സയിൽ ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളിൽ ഇതുൾപ്പെടെ 100ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
യു.എൻ അഭയാർഥി ഏജൻസിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഫലസ്തീനിൽ വിലക്കേർപ്പെടുത്തിയ ഇസ്രായേൽ പാർലമെന്റ് തീരുമാനത്തിനു പിന്നാലെയാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊല അരങ്ങേറിയത്.
അവശ്യവസ്തുക്കൾ കിട്ടാക്കനിയായ ഗസ്സയിൽ യു.എൻ ഏജൻസിക്കേർപ്പെടുത്തിയ വിലക്ക് ജീവിതം കൂടുതൽ നരകമാക്കുമെന്ന് വിവിധ രാജ്യങ്ങൾ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ പാർലമെന്റാണ് ഭീകരമുദ്ര ചാർത്തിയും വിലക്കിയും രണ്ട് പ്രമേയങ്ങൾ പാസാക്കിയത്. ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം അടക്കം ഇസ്രായേലിൽ ഒരിടത്തും പ്രവർത്തിക്കരുതെന്നും അന്ത്യശാസനമുണ്ട്.
അതിനിടെ, തെക്കൻ ലബനാനിൽ കൂടുതൽ മേഖലകളിലേക്ക് ഇസ്രായേൽ ടാങ്കുകൾ കടന്നുകയറി. അതിർത്തിയിൽനിന്ന് ആറുകിലോമീറ്റർ ഉള്ളിൽ തെക്കൻ മേഖലയിലെ ഖിയാമിലാണ് പുതിയ ആക്രമണം.
ത്വെയ്ർ ഹർഫ, ഖസ്റുൽ അഹ്മർ, ജബൽ ബത്മ്, സെബ്ഖിൻ തുടങ്ങി നിരവധി ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേൽ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.