ലണ്ടൻ: 2020 മാർച്ച് 31നാണ് ജേസൺ കെൽക്ക് കോവിഡ് ചികിത്സക്കായി ലീസ്സിലെ സെന്‍റ് ജെയിംസ് ആശുപത്രിയിലെത്തുന്നത്. ആരോഗ്യ നില വഷളായതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവിതം. നടക്കാനും ഇരിക്കാനുമെല്ലാം കഴിയുമെങ്കിലും ചികിത്സ ഉപകരണങ്ങളുടെ സഹായം 24 മണിക്കൂറും വേണം. 14 മാസം ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആശുപത്രി വാസവുമായി ജേസൺ കഴിഞ്ഞുകൂടിയത്.
എന്നാൽ, കഴിഞ്ഞദിവസം 49 കാരനായ ഇദ്ദേഹം ആ ധീരമായ തീരുമാനം ഏറ്റെടുക്കുകയായിരുന്നു. ഇനി ഇതുപോലെ ജീവിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മനസിൽ ഉറപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആശുപത്രി വാസം ഉേപക്ഷിച്ച് രോഗികളെ പരിചരിക്കുന്ന സ്ഥലത്തേക്ക് മാറാൻ തീരുമാനിച്ചു. അതിനുമുമ്പ് മണിക്കൂറുകൾ കുടുംബവുമായി ചിലവഴിക്കുകയും ചെയ്തു. എന്നാൽ ചികിത്സ അവസാനിപ്പിച്ചതോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജേസൺ വളരെയധികം ജീവനുവേണ്ടി പോരാടി. ഇനിയും അദ്ദേഹത്തിന് അത് കഴിയില്ലെന്ന് മനസിലായതോടെ ചികിത്സ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഭാര്യ സൂയ് കെൽക്ക് പറഞ്ഞു.
അദ്ദേഹത്തിന് അത് അനിവാര്യമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ നിർബന്ധത്തിന് അനുസരിച്ചാണ് ചികിത്സ അവസാനിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ടൈപ്പ് രണ്ട് പ്രമേഹവും ആസ്തമ രോഗിയുമായിരുന്നു ജേസൺ. 2020 മാർച്ച് 31ന് ആശുപത്രിയിലെത്തിയ അദ്ദേഹത്തെ മൂന്നുദിവസത്തിന് ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ശ്വാസകോശവും വൃക്കയും തകരാറിലായതോടെ ജീവനുവേണ്ടി പലതവണ അദ്ദേഹം പോരാട്ടം നടത്തി. കൂടാതെ വയറിലും അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു.
ഈ വർഷം മാർച്ചിൽ 15 ദിവസം അദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ കഴിഞ്ഞിരുന്നു. മറ്റു യന്ത്രങ്ങളുടെ സഹായത്തോടെ അദ്ദേഹം ബന്ധുക്കളുടെ കൂടെ ആശുപത്രിക്ക് പുറത്ത് സന്ദർശനങ്ങൾ പതിവാക്കുകയും ചെയ്തിരുന്നു.
തുടർന്ന് മേയിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാകുകയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നാഴ്ചയായി ജേസൺ മുഴുവൻ സമയവും വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. തുടർന്നാണ് എല്ലാം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.