വാഷിങ്ടൺ: നിർമിത ബുദ്ധിയുടെ പ്രയോഗത്തിന് പുതിയ സാധ്യതകൾ തുറന്ന ചാറ്റ് ജി.പി.ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കമ്പനി ഉടമയെ വിളിച്ചുവരുത്തി യു.എസ് കോൺഗ്രസ്. ചാറ്റ് ജി.പി.ടി അവതാരകരായ ഓപൺ എ.ഐ കമ്പനിയുടെ സി.ഇ.ഒ സാം ആൾട്ട്മാനാണ് ആദ്യമായി ചോദ്യങ്ങൾക്കു മുന്നിൽ എത്തിയത്.
ഉപന്യാസങ്ങൾ, തിരക്കഥ, കവിത തുടങ്ങി ക്രിയാത്മക രചനകൾക്കും കമ്പ്യൂട്ടർ കോഡിങ്ങിനുമടക്കം ശേഷിയുള്ളതാണ് ചാറ്റ് ജി.പി.ടി. ഇതു പക്ഷേ, ഉയർത്തുന്ന വലിയ ഭീഷണികളെ കുറിച്ച് നിർമിത ബുദ്ധിയുടെ പിതാവായി വാഴ്ത്തപ്പെടുന്ന ഡോ. ജൊഫ്രി ഹിന്റൺ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സാഹചര്യത്തിലാണ് യു.എസ് സെനറ്റിൽ ചോദ്യോത്തര സെഷൻ ഒരുക്കിയത്. നിർമിത ബുദ്ധിയുടെ സാധ്യതകൾ വിശദീകരിച്ച സാം ആൾട്ട്മാൻ തനിക്കും ആശങ്കകളുണ്ടെന്ന് സഭയെ അറിയിച്ചു. ലോകത്തിന് വലിയ ദ്രോഹം ചെയ്യാൻ ഇതിനാകുമെന്നും ടെക്നോളജി വഴിതെറ്റിയാൽ ദ്രോഹം വലുതാകുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമാകാതിരിക്കാൻ സർക്കാറുമായി സഹകരിക്കാൻ തയാറാണ്. എന്നുവെച്ച്, നിർമിതബുദ്ധി ഉപയോഗിച്ചുള്ള പുതിയ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും അവസാനിപ്പിക്കില്ലെന്നും ആൾട്ട്മാൻ കൂട്ടിച്ചേർത്തു.
പിന്നീട് പ്രതികരിച്ച സെനറ്റർമാർ വിഷയത്തിൽ ഭരണകൂട നിയന്ത്രണം ആവശ്യമാണെന്ന് വ്യക്തമാക്കി. എന്നാൽ, വ്യവസായ വിപ്ലവം, പ്രിന്റിങ് പ്രസ്, അണുബോംബ്, മൊബൈൽ ഫോൺ പോലുള്ള കണ്ടുപിടിത്തമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ആൾട്ട്മാനെ വിളിച്ചുവരുത്തിയ സഭയിൽ ഈ രംഗത്തെ വിദഗ്ധരായ ടിംനിറ്റ് ഗെബ്രു അടക്കമുള്ള ഗവേഷകരെ വിളിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.