ജിദ്ദ: രാജ്യത്ത് കോവിഡ് കുത്തിവെപ്പ് രണ്ടാം ഡോസ് റദ്ദാക്കിയതായുള്ള പ്രചാരണം വാസ്തവിരുദ്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒന്നാം ഡോസ് കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുന്നതിനാണ് രണ്ടാം ഡോസ് നീട്ടിവെക്കുന്നതെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണ്.
ആദ്യ ഡോസ് വേഗത്തിലാക്കുക എന്നതാണ് ലക്ഷ്യം. സമൂഹത്തിൽ പ്രതിരോധശേഷിയുടെ തോത് വേഗത്തിൽ ഉയർത്തലാണ് വേണ്ടതെന്ന് നിരവധി പഠനങ്ങളിൽ തെളിയിക്കപ്പെട്ട കാര്യമാണ്. അതു പൊതുജനാരോഗ്യത്തിന് ഏറ്റവും സുരക്ഷിതമാണെന്ന് പ്രത്യേക സമിതികൾ വിലയിരുത്തുകയും ചെയ്തതാണ്. എന്നാൽ 60 വയസിനു മുകളിലുള്ളവരെ ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അവർക്ക് രണ്ടാം ഡോസ് നിശ്ചിത ഷെഡ്യൂൾ പ്രകാശം നൽകുന്നുണ്ട്. ഇനിയും ബുക്കിങ് നടത്തിയിട്ടില്ലാത്ത 60 വയസ്സായവരും അതിനു മുകളിലുള്ളവരും എത്രയും വേഗം അടുത്ത കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
കറുത്ത ഫംഗസ് രോഗവും കോവിഡും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും സൗദിയിൽ കറുത്ത ഫംഗസ് കേസുകളെന്നും കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ വക്താവ് പറഞ്ഞു. കറുത്ത ഫംഗസ് കോവിഡുമായി ബന്ധപ്പെട്ട രോഗമാണെന്ന് ചിലർ കരുതുന്നു. ഇത് ശരിയല്ല. അതു വൈറസല്ല. പരിസ്ഥിതി, പ്രകൃതി, മണ്ണ് എന്നിവയിൽ കാണപ്പെടുന്ന ഫംഗസാണത്. നേരിട്ട് രോഗ കാരണമാകുകയോ, നേരിട്ട് പകരുന്നതായോ കണക്കാക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.