ലണ്ടൻ: ഭൂകമ്പങ്ങൾക്കും അഗ്നിപർവത സ്ഫോടനങ്ങൾക്കും മുമ്പ് മൃഗങ്ങൾ വിചിത്രമായി പെരുമാറുന്ന കഥകൾ പുതിയതല്ല. 373 ബി.സിയിൽ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് എലികളും നായകളും പാമ്പുകളും ഹെലിസ് നഗരം ഉപേക്ഷിച്ചുവെന്ന് ഗ്രീക്ക് ചരിത്രകാരനായ തുസിഡിഡീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 1975ൽ ചൈനയിലെ ഹൈചെങ് ഭൂകമ്പം ഉണ്ടായത് പാമ്പുകളും എലികളും അവയുടെ മാളങ്ങളിൽ നിന്ന് പുറത്തുപോകുന്നത് കണ്ടതിന് ശേഷമാണ്. എന്തുകൊണ്ടാണ് ഈ മൃഗങ്ങൾ ഇങ്ങനെ പെരുമാറിയതെന്ന് വ്യക്തമല്ല.
എന്നാൽ, ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും മറ്റ് പ്രകൃതി പ്രതിഭാസങ്ങളും പ്രവചിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളിൽ അസാധാരണമായ ചില ഘടകങ്ങളെയും ഉൾപ്പെടുത്തിയിരിക്കുകയാണ് ഒരു പറ്റം ശാസ്ത്രജ്ഞർ. ബഹിരാകാശത്തുനിന്ന് ഭൂമിയിലെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ടുള്ള പഠനത്തിൽ അവർ ആയിരക്കണക്കിന് നായ്ക്കളെയും ആടുകളെയും മറ്റ് വളർത്തു മൃഗങ്ങളെയും വൈവിധ്യമാർന്ന വന്യജീവികളെയും ഉൾപ്പെടുത്തിയിരിക്കുന്നു.
അടുത്ത വർഷം വിക്ഷേപിക്കുന്ന ഒരു പ്രത്യേക ഉപഗ്രഹത്തിൽനിന്ന് ഈ ജീവികളുടെ വിശദമായ ചലനങ്ങൾ നിരീക്ഷിക്കും. സസ്തനികൾ, പക്ഷികൾ, പ്രാണികൾ എന്നിവയിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ട്രാൻസ്മിറ്ററുകൾ ഇതിനായി ഉപയോഗിക്കും. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ടീമുകൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര സഹകരണമായ ഇന്‍റർനാഷണൽ കോഓപ്പറേഷൻ ഫോർ അനിമൽ റിസർച്ച് യൂസിംഗ് സ്പേസിന്റെ സ്ഥാപകനായ മാർട്ടിൻ വികെൽസ്കി ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
സിസിലിയിലെ എറ്റ്ന പർവതത്തിന്റെ ചരിവുകളിൽ നടത്തിയ ആദ്യകാല പരീക്ഷണങ്ങളിൽ മൃഗങ്ങളെ പഠിക്കുന്നതിന്റെ മൂല്യം ഇതിനകം തെളിയിക്കപ്പെട്ടതായി വികെൽസ്കി പറഞ്ഞു. റോമിന് പുറത്തുള്ള അബ്രുസോ പർവതങ്ങളിൽ നായ്ക്കളെയും ആടുകളേയും മറ്റ് ഫാം മൃഗങ്ങളേയും ഗവേഷകർ നിരീക്ഷിച്ചു. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഈ മേഖലയിലെ എട്ട് വലിയ ഭൂകമ്പങ്ങളിൽ ഏഴെണ്ണം പ്രവചിക്കുന്ന തരത്തിൽ അവ പ്രതികരിച്ചതായി കണ്ടെത്തി. വലിയ അഗ്നിപർവ്വത സ്ഫോടനങ്ങൾ പ്രവചിക്കുന്നതിൽ ആടുകളുടെ പെരുമാറ്റം മികച്ചതാണെന്നും അവർ കണ്ടെത്തി.
ഒരു പൊട്ടിത്തെറിക്ക് മുമ്പ് മൃഗങ്ങൾ പരിഭ്രാന്തരാകുകയും അവ സാധാരണയായി ഇഷ്ടപ്പെടുന്ന ഉയർന്ന മേച്ചിൽപ്പുറങ്ങളിലേക്ക് നീങ്ങാൻ മടിക്കുകയും ചെയ്യുന്നതായി സെൻസറുകൾ കാണിച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവക്ക് മുൻകൂട്ടി അറിയാം. അതവ എങ്ങനെ ചെയ്യുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ അവർ ചെയ്യുന്നു -വികെൽസ്കി പറഞ്ഞു. ഭൂകമ്പം ഉണ്ടാകുമ്പോൾ ടെക്റ്റോണിക് പ്ലേറ്റുകൾ വലിയ സമ്മർദ്ദത്തിൽ പരസ്പരം തെന്നിമാറുകയും അത് പാറകളിൽനിന്ന് അയോണുകളെ വായുവിലേക്ക് തെറിപ്പിക്കുകയും ചെയ്യുന്നു. മൃഗങ്ങൾ അതിനോട് പ്രതികരിക്കുന്നുണ്ടാകാം.
ബഹിരാകാശ നിരീക്ഷണത്തിലൂടെ അഗ്നിപർവ്വത സ്ഫോടനങ്ങൾ പോലുള്ള പ്രകൃതി പ്രതിഭാസങ്ങളോട് അവ എങ്ങനെ പ്രതികരിക്കുന്നുവെന്ന് പഠിക്കുക മാത്രമല്ല, കുടിയേറ്റം, മൃഗങ്ങൾക്കിടയിലെ രോഗങ്ങളുടെ വ്യാപനം, കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം എന്നിവയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നേടുക എന്നതുകൂടിയാണ് ലക്ഷ്യമെന്ന് ഗവേഷകർ പറയുന്നു.
‘ആറ് ഉപഗ്രഹങ്ങളുടെ ഒരു ബഹിരാകാശ പേടകം വിക്ഷേപിച്ച് ഒരു ആഗോള നിരീക്ഷണ ശൃംഖല സ്ഥാപിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് ഭൂമിയിലുടനീളമുള്ള വന്യജീവികളുടെ ചലനത്തെയും മൃഗങ്ങളുടെ ആരോഗ്യത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ മാത്രമല്ല, ഭൂകമ്പം പോലുള്ള പ്രകൃതി പ്രതിഭാസങ്ങളോട് ജീവികൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും വെളിപ്പെടുത്തും’ -ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബിഹേവിയറിലെ ഗവേഷകൻ പറഞ്ഞു.
ചെറിയ ലിഥിയം ബാറ്ററികൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ ട്രാൻസ്മിറ്ററുകൾ, ജി.പി.എസ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നിർമിച്ച ഏതാനും ഗ്രാം മാത്രം ഭാരമുള്ള ‘ടാഗു’കൾ മൃഗങ്ങളിൽ ഘടിപ്പിച്ചാണ് നിരീക്ഷണം. മൃഗങ്ങളിലെ പകർച്ചവ്യാധിയായ വൈറസിനെ ഇതിലൂടെ കണ്ടെത്താനാവും. കാട്ടിൽ ഒരു രോഗം പൊട്ടിപ്പുറപ്പെടുന്നത് എപ്പോഴാണെന്ന് അറിയുന്നത് ഫാമുകളിൽ രോഗത്തിന്റെ ആഘാതം തടയുന്നതിന് പ്രധാനമാണെന്ന് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ കെവിൻ മൊറെല്ലെ പറഞ്ഞു.
കുടിയേറ്റത്തെ പ്രേരിപ്പിക്കുന്ന പ്രക്രിയകൾ മനസ്സിലാക്കാൻ ഈ സാങ്കേതികവിദ്യ ശാസ്ത്രജ്ഞരെ സഹായിക്കും. പരുന്തിനെപ്പോലെയുള്ള ചെറു ജീവികളിലും ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ യൂറോപ്പിനും ആഫ്രിക്കക്കും ഇടയിൽ അവർ ഓരോ വർഷവും ജീവികൾ നടത്തുന്ന 2,000 മൈൽ കുടിയേറ്റത്തിന് പിന്നിലെ നിഗൂഢതകൾ അവയുടെ ചലനങ്ങളിലൂടെ വെളിപ്പെടും. ആഗോളതാപനം മൂലമുണ്ടാകുന്ന ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളോട് മൃഗങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് നിർണയിക്കാൻ മൃഗങ്ങളെ പഠിക്കാൻ ഞങ്ങൾക്ക് കഴിയും - മാർട്ടിൻ വികെൽസ്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.