ഇന്ന് മഴ കനക്കും; റെഡ് അലർട്ടുള്ള നാല് ജില്ലകളിൽ അതീവ ജാഗ്രത, എല്ലാ ജില്ലകളിലും കണ്‍ട്രോൾ റൂമുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് മഴ കനക്കാൻ സാധ്യത. ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മൽസ്യബന്ധത്തിനുളള വിലക്ക് തുടരുകയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ല കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. അപകടസാധ്യത മുൻപിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകിനിടയുള്ളതിനാൽ മലവെള്ളപ്പാച്ചലും മിന്നൽ പ്രളയത്തിനും സാധ്യത ഏറെയാണ്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെട്ടേക്കും. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ ഇത് മലവെള്ളപ്പാച്ചിലേക്കും മിന്നൽ പ്രളയം പോലുള്ള സാഹചര്യത്തിലേക്കും വഴി വച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.

റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞുവെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വയ്ക്കാനും ശ്രദ്ധിക്കണം.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മറ്റന്നാൾവരെ നിരോധിച്ചു. എറണാകുളം ജില്ലയിൽ മറ്റന്നാൾ വരെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്. വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത കളക്ടർമാരുടെ യോഗം മഴകാരണം മാറ്റിവച്ചു.

Tags:    
News Summary - Extreme vigilance in four red alert districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.