ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; 90 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത, അതീവജാ​ഗ്രത

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം ഫിന്‍ജാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട പശ്ചാത്തലത്തില്‍ തമിഴ്‌നാട് തീരത്ത് അതീവ ജാഗ്രത. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ലകുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജാഗ്രതയുടെ ഭാഗമായി ചെന്നൈ ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പേരാമ്പ്ര, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്ക്കല്‍ മേഖലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്.

മുന്നൊരുക്കങ്ങളും ദുരിതാശ്വാസ നടപടികളും തമിഴ്നാട് റവന്യൂ മന്ത്രി വിലയിരുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു. 4,000-ലധികം ബോട്ടുകള്‍ കരയിലേക്ക് മടങ്ങിയിട്ടുണ്ടെന്നും 2,229 ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന മൂന്നാമത്തെ കൊടു​ങ്കാറ്റും വടക്കുകി​ഴക്കൻ മൺസൂൺ സീസണിലെ രണ്ടാമത്തേതുമാണ് ഫിൻജാൽ. 

Tags:    
News Summary - Cyclone Fengal likely to make landfall near Puducherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.