മധ്യ യൂറോപ്പിനെ പിടിച്ചുലച്ച് പ്രളയം; മരണസംഖ്യ ഉയരുന്നു

ചെക്ക് റിപ്പബ്ലിക്: മധ്യ യൂറോപ്പിൽ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തീവ്രമായ പ്രളയത്തെ തുടർന്ന് വൻ നാശം. മരണ സംഖ്യ ഉയരുന്നതായാണ് റി​പ്പോർട്ട്. ഓസ്ട്രിയ, റൊമാനിയ,പോളണ്ട്, ചെക് റിപ്പബ്ലിക് എന്നിവിടങ്ങളിലായി 15 പേർ മരിച്ചതായി റോയിട്ടേഴ്സ് റി​പ്പോർട്ട് ചെയ്തു. ചെക്ക് റിപ്പബ്ലിക്കിനും പോളണ്ടിനും ഇടയിലുള്ള അതിർത്തി പ്രദേശങ്ങളിലാണ് കനത്ത നാശം.

നദികൾ കരകവിഞ്ഞൊഴുകുന്നിനാൽ വെള്ളം വേഗത്തിൽ ഉയരുന്നത് മുൻനിർത്തി കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. ദുരന്തത്തി​ന്‍റെ ആഴം അവലോകനം ചെയ്യാൻ പോളിഷ് സർക്കാർ അടിയന്തര യോഗം വിളിച്ചു. ചെക്ക് നഗരമായ ലിറ്റോവൽ ഒറ്റരാത്രികൊണ്ട് വെള്ളത്തിൽ മുങ്ങി. ചെക്ക് അതിർത്തിയിലെ പോളിഷ് പട്ടണമായ ക്ലോഡ്‌സ്‌കോയിൽ വെള്ളം ഇറങ്ങിയിട്ടുണ്ടെന്നും എന്നാൽ സഹായം ആവശ്യമാണെന്നും മേയർ മൈക്കൽ പിസ്‌കോ പറഞ്ഞു. ‘ഞങ്ങൾക്ക് കുപ്പിവെള്ളവും ഉണങ്ങിയ വിഭവങ്ങളും ആവശ്യമാണെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചവർക്കായി ഒരു ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ടെന്നും ഇപ്പോൾ നഗരത്തി​ന്‍റെ പകുതി ഭാഗത്തും വൈദ്യുതിയില്ലെന്നും’ അദ്ദേഹം പറഞ്ഞു.

നാല് പ്രവിശ്യകളിലായി 420 സ്‌കൂളുകൾ അടച്ചതായി പോളിഷ് വിദ്യാഭ്യാസ മന്ത്രി ബാർബറ നൊവാക്ക പറഞ്ഞു. വെള്ളം കയറിയതിനെ തുടർന്ന് നൈസ നഗരത്തിലെ ആശുപത്രിയും ഒഴിപ്പിച്ചു. പോളിഷ് അതിർത്തിക്ക് അപ്പുറത്തുള്ള ചെക്ക് പട്ടണമായ ജെസെനിക്കിൽ വെള്ളം ഇറങ്ങിയ​തോടെ കേടായ കാറുകളുടെയും അവശേഷിക്കുന്ന മാലിന്യങ്ങളുടെയും ദൃശ്യങ്ങളാണ്.

കിഴക്കൻ റൊമാനിയയിൽ ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ വെള്ളപ്പൊക്കം വിനാശകരമായ ആഘാതം സൃഷ്ടിച്ചതായി സ്ലോബോസിയ കൊനാച്ചി മേയർ എമിൽ ഡ്രാഗോമിർ പറഞ്ഞു. ‘നിങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ തൽക്ഷണം കരയും. കാരണം ആളുകൾ അത്ര നിരാശരാണ്. അവരുടെ ജീവിതം തകർന്നിരിക്കുന്നു. ധരിച്ചിരുന്ന വസ്ത്രം മാത്രം അവശേഷിച്ച അവസ്ഥയിലാണിവരെന്നും’ അദ്ദേഹം പറഞ്ഞു.

ചെക്ക്-പോളണ്ട് അതിർത്തി പ്രദേശത്തെ നദികൾ തിങ്കളാഴ്ച കരകവിയാൻ തുടങ്ങിയപ്പോൾ വെള്ളപ്പൊക്കം രൂക്ഷമാവുകയും വൻ നഗരങ്ങൾ ജാഗ്രതയിലാവുകയും ചെയ്തു. ഏകദേശം 600,000 ജനസംഖ്യയുള്ള നഗരത്തിൽ ജലനിരപ്പ് ഉയരുന്നതായി പോളണ്ടിലെ റോക്ലോ മേയർ ജാസെക് സട്രിക്ക് പറഞ്ഞു. ചെക്ക് റിപ്പബ്ലിക്കിൽ തലസ്ഥാനമായ പ്രാഗിൽ നിന്ന് 230 കിലോമീറ്റർ ദൂരെ, മൊറാവ നദി ഒറ്റരാത്രികൊണ്ട് കരകവിഞ്ഞ് 10,000ത്തോളം ജനസംഖ്യയുള്ള ലിറ്റോവെൽ നഗരത്തെ 70ശതമാനം വെള്ളത്തിനടിയിലാക്കി. സ്കൂളുകളും ആരോഗ്യ സംവിധാനങ്ങളും അടച്ചുപൂട്ടിയതായി മേയർ പറഞ്ഞു.

വിവിധ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലെ വിനാശകരമായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യൂറോപ്യൻ യൂണിയൻ അതിനു കഴിയുന്നതെല്ലാം ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നമ്മുടെ പോരാട്ടം എന്നത്തേക്കാളും വലിയ വെല്ലുവിളിയാണെന്നും നാം ഒരുമിച്ച് നേരിടേണ്ടതുണ്ടെന്നാണ് ഈ വെള്ളപ്പൊക്കം കാണിക്കുന്നതെന്നും ഒരു ‘ട്വിറ്റർ’ ഹാന്‍ഡിലിൽ നിന്നുള്ള പോസ്റ്റ് പറയുന്നു.

Tags:    
News Summary - Central European flooding widens as death toll rises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.