ലെബനാൻ അതിർത്തിയിലേക്ക് യുദ്ധ ലക്ഷ്യങ്ങൾ വിപുലീകരിച്ചതായി നെതന്യാഹു

ടെൽ അവീവ്: ലെബനൻ അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്ത ഇസ്രായേലികളെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുന്നതിന് ത​ന്‍റെ യുദ്ധ ലക്ഷ്യങ്ങൾ വിപുലീകരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബറിൽ ഗസ്സയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഇസ്രായേൽ സേനയും ഇറാൻ പിന്തുണയുള്ള ലെബനാൻ സായുധ ഗ്രൂപായ ഹിസ്ബുല്ലയും തമ്മിൽ അതിർത്തി കടന്നുള്ള ആക്രമണം ശക്തമായിട്ടുണ്ട്. ഇതെത്തുടർന്ന് ഇരുവശത്തുമുള്ള പതിനായിരക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽനിന്ന് പലായനത്തിന് നിർബന്ധിതരാക്കുകയും വിശാലമായ പ്രാദേശിക സംഘർഷത്തിനുള്ള ഭീഷണി ഉയരുകയും ചെയ്തു.

സുരക്ഷാ മന്ത്രിസഭയുടെ രാത്രികാല യോഗത്തിൽ രാജ്യത്തി​ന്‍റെ വടക്ക് താമസിക്കുന്നവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചതായി നെതന്യാഹുവി​ന്‍റെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. സൈനിക നടപടി മാത്രമാണ് ഇസ്രായേലി​ന്‍റെ വടക്കുള്ളവരുടെ തിരിച്ചുവരവ് ഉറപ്പാക്കാൻ അവശേഷിക്കുന്ന ഏക മാർഗം എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാല​ന്‍റിനെ സന്ദർശിച്ച അമേരിക്കൻ പ്രതിനിധിയോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

ഗസ്സയിൽ വെടിനിർത്തൽ ഉണ്ടായാൽ തങ്ങൾ പിൻവാങ്ങുമെന്ന് ഹിസ്ബുല്ല അധികൃതർ പറഞ്ഞിട്ടുണ്ട്. എന്നാൽ ‘ കരാറിനുള്ള സമയം കഴിഞ്ഞു’ എന്നായിരു​ന്നു ഗാലന്‍റി​ന്‍റെ പ്രതികരണം. ലെബനാനുമായുള്ള വടക്കൻ അതിർത്തിയിൽ ഇസ്രായേൽ ഡസൻ കണക്കിന് ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ലെബനാനിലെ ‘ഭീകര’ ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രായേലി​ന്‍റെ സൈന്യവും പറഞ്ഞു. തങ്ങൾക്ക് യുദ്ധത്തിനുള്ള ഉദ്ദേശ്യമില്ലെന്നും എന്നാൽ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടാൽ അത് ഇരുവശത്തും വലിയ നഷ്ടമുണ്ടാക്കുമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ചീഫ് നഈം ഖാസിം പ്രതികരിച്ചു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ ഈജിപ്ത് സന്ദർശിക്കുമ്പോൾ ചർച്ചകളിലെ പ്രധാന കേന്ദ്രമായി വെടിനിർത്തൽ മാറുമെന്ന് കരുതിയിരിക്കവെയാണ് നെതന്യാഹുവി​ന്‍റെ പുതിയ യുദ്ധപ്രഖ്യാപനം. എല്ലാ ബന്ദികളുടെയും മോചനം ഉറപ്പാക്കുകയും ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുകയും വിശാലമായ പ്രാദേശിക മേഖലകൾ സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പുതിയ നിർദേശത്തിന് യു.എസ് വേഗത്തിൽ പ്രവർത്തിച്ചുവരികയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് മാത്യു മില്ലർ പറയുകയുണ്ടായി. എന്നാൽ, യു.എസ് വിലയിരുത്തലുകളെ നെതന്യാഹു പരസ്യമായി നിരസിക്കുകയും ഈജിപ്ത്-ഗസ്സ അതിർത്തിയിൽ ഇസ്രായേൽ സൈനിക സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര-ആഭ്യന്തര സമ്മർദങ്ങൾ വർധിക്കുന്നത് നെതന്യാഹു പരിഗണിക്കുന്നേയില്ല.

Tags:    
News Summary - Israel’s Netanyahu announces expanded war goals to include Lebanon border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.