മുഹമ്മദ് യൂനുസ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.
ബെയ്ജിങ്: നാലു ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയ ബംഗ്ലാദേശ് സർക്കാറിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസ് പ്രസിഡന്റ് ഷി ജിങ്പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക സഹകരണം ശക്തമാക്കാനും ബംഗ്ലാദേശിന്റെ ഉൽപന്നങ്ങൾ തീരുവയില്ലാതെ ചൈനയുടെ മാർക്കറ്റിൽ വിൽക്കാനുള്ള അനുമതിയും ജിങ്പിങ് ഉറപ്പുനൽകി. പീപ്ൾസ് ഗ്രേറ്റ് ഹാളിലായിരുന്നു രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ച. ഉൽപാദന സംരംഭങ്ങൾ ബംഗ്ലാദേശിലേക്ക് മാറ്റുന്നതിലൂടെയായിരിക്കും ചൈനീസ് നിക്ഷേപം പ്രോത്സാഹിപ്പിക്കുകയെന്ന് യൂനുസിന്റെ പ്രസ് സെക്രട്ടറി ശഫീഖുൽ ആലം അറിയിച്ചു. വ്യാപാരം, നിക്ഷേപ വളർച്ച, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതിസൗഹൃദ ഊർജ മേഖലകൾക്കുള്ള പിന്തുണ, റോഹിങ്ക്യൻ പ്രശ്നം പരിഹരിക്കൽ തുടങ്ങിയ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. 2028 വരെ ചൈനീസ് വിപണിയിൽ തീരുവയില്ലാതെ ബംഗ്ലാദേശ് ഉൽപന്നങ്ങൾ വിൽക്കാനാണ് അനുമതി ലഭിച്ചത്. ഉഭയകക്ഷി ചർച്ച സമഗ്രവും ഫലപ്രദവും വൻ വിജയവുമായിരുന്നെന്നും ആലം പറഞ്ഞു.
ജനകീയ പ്രക്ഷോഭത്തിൽ ശൈഖ് ഹസീന സർക്കാർ തകർന്ന ശേഷം നിലവിൽവന്ന ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേശകനായ യൂനുസ് ആദ്യമായി നടത്തുന്ന വിദേശയാത്രയാണിത്. യൂനുസിനെ ബെയ്ജിങ് വിമാനത്താവളത്തിൽ വിദേശകാര്യ സഹമന്ത്രി സൺ വെയ്ദോങ് സ്വീകരിച്ചു. ഹൈനാനിൽ നടന്ന ബോവോ ഫോറം ഫോർ ഏഷ്യ വാർഷിക സമ്മേളനത്തിലും യൂനുസ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.