കൈറോ: ഗസ്സയിൽ വെടിനിർത്തലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും ആവശ്യപ്പെട്ട് ചൈന. ഗസ്സ അധിനിവേശത്തിന്റെ നൂറാം ദിവസത്തിൽ കൈറോയിൽ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിൽ സിവിലിയൻ കൂട്ടക്കൊല നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ അടിയന്തരമായി വെടിനിർത്തണമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, ഗസ്സയിൽ വെടിനിർത്തലിന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചാലും ലക്ഷ്യം കാണുംവരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. അന്താരാഷ്ട്ര കോടതിക്കോ ചെകുത്താന്മാരുടെ അച്ചുതണ്ടിനോ മാത്രമല്ല, ലോകത്താർക്കും തങ്ങളെ തടയാനാകില്ലെന്ന് ഗസ്സ ആക്രമണത്തിന്റെ നൂറാം ദിനത്തിൽ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത നെതന്യാഹു പറഞ്ഞു.
ഇസ്രായേൽ അതിക്രമത്തിനെതിരെ നൂറാം ദിനത്തിൽ ലോകമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇറാനെയും ഹൂതികളെയും ഉന്നമിട്ട് നെതന്യാഹുവിന്റെ പ്രതികരണം. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കക്കെതിരെയും നേരത്തേ ഇസ്രായേൽ രംഗത്തുവന്നിരുന്നു.
ഗസ്സയിൽ 24 മണിക്കൂറിനിടെ 11 സ്ഥലത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 125 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 23,968 ആയി. 60,582 പേർക്ക് പരിക്കുണ്ട്. വെസ്റ്റ്ബാങ്കിലെ ജെനിൻ ക്യാമ്പിൽ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ 40 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ബൈറൂത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് സാലിഹ് അൽ അറൂരിയുടെ രണ്ട് സഹോദരിമാരും അറസ്റ്റിലായവരിലുണ്ട്.
കരയുദ്ധം ആരംഭിച്ചതുമുതൽ 1,106 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ സേന അറിയിച്ചു. 240 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കടുത്ത ചെറുത്തുനിൽപ് തുടരുന്ന അൽഖസ്സാം ബ്രിഗേഡിന്റെ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 12 സൈനികർക്കാണ് പരിക്കേറ്റത്. ഗസ്സ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി മേധാവി ഫിലിപ്പെ ലസാരിനി മുന്നറിയിപ്പ് നൽകി. അതേസമയം, ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം ഇനിയും തടസ്സപ്പെടുത്തുകയാണെങ്കിൽ ഹൂതികളെ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.