വിദേശയാത്രക്കാർക്കുള്ള ക്വാറന്റീൻ നിബന്ധന ഒഴിവാക്കി ചൈന; ​തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ

ബീജിങ്: വിദേശയാത്രക്കാർക്കുള്ള ക്വാറന്റീൻ നിബന്ധന ഒഴിവാക്കി ചൈന. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ചൈന ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. ഈ തീരുമാനമാണ് ഞായറാഴ്ച മുതൽ പിൻവലിക്കുന്നത്. ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി.

കഴിഞ്ഞ മാസമാണ് നാടകീയമായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചത്. അതിന് മുമ്പ് സീറോ കോവിഡ് നയവുമായിട്ടായിരുന്നു ചൈന മുന്നോട്ട് പോയിരുന്നത്. ഇതിന്റെ ഭാഗമായി ക്വാറന്റീനും പല പ്രദേശങ്ങളിലും നിർബന്ധിത ലോക്ഡൗണും ഏർപ്പെടുത്തിയിരുന്നു.

കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ചൈനീസ് സമ്പദ്‍വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെതിരെ ചൈനീസ് ​ജനത വലിയ രീതിയിൽ പ്രതിഷേധം ഉയർത്തുകയും ചെയ്തു. തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഞായറാഴ്ച മുതൽ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്ക് ക്വാറന്റീൻ ഒഴിവാക്കുന്നതോടെ കോവിഡുകാലം മുതൽ നിലനിന്നിരുന്ന വലിയൊരു ​നിയന്ത്രണത്തിനാണ് ചൈന അന്ത്യം കുറിക്കുന്നത്.

2020 മാർച്ച് മുതൽ വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്നവർ സർക്കാറിന്റെ കേന്ദ്രീകൃത ​സ്ഥലങ്ങളിൽ ക്വാറന്റീനിൽ കഴിയണമായിരുന്നു. ആദ്യം മൂന്നാഴ്ചയായിരുന്നു ക്വാറന്റീൻ കാലയളവെങ്കിൽ ഇക്കഴിഞ്ഞ നവംബറിൽ ഇത് അഞ്ച് ദിവസമാക്കി ചുരുക്കിയിരുന്നു.

ക്വാറന്റീൻ ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിരവധി ചൈനീസ് പൗരൻമാരാണ് രാജ്യത്തിന് പുറത്തേക്ക് പോകാൻ ട്രാവൽ ഏജൻസികളിൽ അന്വേഷണം തുടങ്ങിയത്. അതേസമയം, ലോകത്തെ പല രാജ്യങ്ങളും ചൈനയിൽ നിന്നെത്തുന്ന യാത്രികർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്.

Tags:    
News Summary - China ends quarantine for overseas travellers amid Covid surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.