ബീജിങ്: യുക്രെയ്ൻ പ്രതിസന്ധി അതിരൂക്ഷമായി തുടരവെ നാറ്റോക്കെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കി റഷ്യയും ചൈനയും. ശീതകാല ഒളിമ്പിക്സിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ചൈനയിലെത്തിയിരുന്നു. തുടർന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളുടേയും പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
അതിദീർഘമായ പ്രസ്താവന ഉക്രൈയ്ൻ വിഷയം നേരിട്ട് പരാമർശിക്കുന്നില്ല. നാറ്റോ ശീതയുദ്ധകാലത്തെ ആശയങ്ങളെയാണ് ഉയർത്തിപിടിക്കുന്നതെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. ഊഷ്മളകരമായ കൂടിക്കാഴ്ചയാണ് പുടിനും ഷീ ജിങ് പിങ്ങുമായി ഉണ്ടായതെന്ന് റഷ്യ പിന്നീട് പ്രതികരിച്ചു. കോവിഡിന് ശേഷം ഇതാദ്യമായാണ് ഇരു രാഷ്ട്രതലവൻമാരും കൂടിക്കാഴ്ച നടത്തുന്നത്. അതിരുകളില്ലാത്ത സൗഹൃദമാണ് റഷ്യയും ചൈനയും തമ്മിലുള്ളതെന്നും പ്രസ്താവന പറയുന്നു.
യു.എസ്, യു.കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ സുരക്ഷ സഖ്യത്തിൽ ഇരു രാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി. അതേസമയം, തായ്‍വാനെ ചൈനക്കൊപ്പം കൂട്ടിചേർക്കുന്നതിനായുള്ള വൺ ചൈന നയത്തെ പിന്തുണക്കുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. റഷ്യയുടെ വൻ സൈന്യം ഇപ്പോഴും യുക്രെയ്ൻ അതിർത്തിയിൽ തുടരുകയാണ്. റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയാൽ കടുത്ത തിരിച്ചടിയുണ്ടാവുമെന്നാണ് അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.