ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ഓഫിസിലെത്തിയ ചൈനീസ് അംബാസഡർ യാവോ വെന്നിനെ നേതാക്കൾ സ്വീകരിക്കുന്നു

ചൈനീസ്​ അംബാസഡർ ബംഗ്ലാദേശ് ജമാഅത്തെ ഇസ്​ലാമി നേതാക്കളെ കണ്ടു; ചർച്ചയിൽ റോഹിങ്ക്യൻ വിഷയവും

ധാക്ക: ബംഗ്ലാദേശിലെ ചൈനീസ് അംബാസഡർ യാവോ വെൻ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ഓഫിസിലെത്തി അമീർ ഡോ. ഷഫീഖുർ റഹ്‌മാനെയും ഉന്നത നേതാക്കളെയും സന്ദർശിച്ചു. ഡെപ്യൂട്ടി അംബാസഡർ ഉൾപ്പെടെ നാലുപേരാണ് ചൈനീസ് സംഘത്തിൽ ഉണ്ടായിരുന്നത്. വിവിധ ഉഭയകക്ഷി വിഷയങ്ങൾ കൂടി​ക്കാഴ്ചയിൽ ചർച്ചയായി.

കൂടിക്കാഴ്ചക്ക് ശേഷം ജമാഅത്ത് അമീറും ചൈനീസ് അംബാസഡറും മാധ്യമങ്ങളുമായി സംസാരിച്ചു. വിദ്യാഭ്യാസം, സംസ്‌കാരം, വികസനം തുടങ്ങി സഹകരിച്ച് മുന്നോട്ട് പോകാവുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും ബംഗ്ലാദേശിൻ്റെ നിലവിലെ സാഹചര്യത്തെ കുറിച്ചും ദീർഘമായി സംസാരിച്ചതായി ജമാഅത്ത് അമീർ അറിയിച്ചു. ബംഗ്ലാദേശിൽ കൂടുതൽ നിക്ഷേപം നടത്താനും റോഹിങ്ക്യകളുടെ പുനരധിവാസവും സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയയും സുഗമമാക്കാനും അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സൗഹൃദാന്തരീക്ഷത്തിലാണ് ഞങ്ങളുടെ കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംസാരത്തിൽ കടന്നുവന്നു. വിദ്യാഭ്യാസം, സംസ്‌കാരം, വികസനം തുടങ്ങി സഹകരിച്ച് മുന്നോട്ട് പോകാവുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും ബംഗ്ലാദേശിൻ്റെ നിലവിലെ സാഹചര്യത്തെ കുറിച്ചും ദീർഘമായി സംസാരിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളും സർക്കാരുകളും വരും ദിവസങ്ങളിൽ കൂടുതൽ യോജിച്ച് പ്രവർത്തിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചൈന ഞങ്ങളുടെ പ്രധാന വികസന പങ്കാളിയാണ്. ബംഗ്ലാദേശിൽ കൂടുതൽ നിക്ഷേപം നടത്താനും റോഹിങ്ക്യകളുടെ പുനരധിവാസവും സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയയും സുഗമമാക്കാനും ഞങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്. അവരത് സജീവമായി പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -ഡോ. ഷഫീഖുർ റഹ്മാൻ പറഞ്ഞു. അതിഥികൾക്ക് നന്ദി അറിയിച്ച അദ്ദേഹം, ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി വരും ദിവസങ്ങളിലും പരസ്പര സംഭാഷണം തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും പറഞ്ഞു.

കൂടിക്കാഴ്ചയിൽ സംതൃപ്തി അറിയിച്ച ചൈനീസ് അംബാസഡർ, ജമാഅത്തെ ഇസ്‍ലാമിയുടെ ആതിഥേയത്വത്തിന് നന്ദി അറിയിച്ചു. ബംഗ്ലാദേശിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി തങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

‘ബംഗ്ലാദേശ് മനോഹര രാജ്യമാണ്. ജമാഅത്തെ ഇസ്‌ലാമി അച്ചടക്കമുള്ള സംഘടനയാണ്. ബംഗ്ലാദേശിലെ ജനങ്ങളുമായി സൗഹൃദ ബന്ധമാണ് ചൈനയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിന്റെ വികസനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും’ -ചൈനീസ് അംബാസഡർ പറഞ്ഞു.


Tags:    
News Summary - Chinese Ambassador meets Bangladesh Jamaat-e-Islami leaders; The Rohingya issue is also under discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.