വിരലടയാളം തുണച്ചു; യുവാവിന്റെ മൃതദേഹം നാലു പതിറ്റാണ്ടിനു ശേഷം തിരിച്ചറിഞ്ഞു

അപ്പലാച്ചി (അമേരിക്ക): 47 വർഷം മുമ്പ് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് വിരലടയാള പരിശോധന വഴി തെളിയിച്ചിരിക്കയാണ് അമേരിക്കൻ പൊലീസ്. അമേരിക്കയിലെ ആൽബനി ടൗൺഷിപ്പിലെ അപ്പലാച്ചിയൻ പർവതനിരകളിലെ കൊടുമുടിയായ പിനാക്ക്ൾ ഗുഹക്കു സമീപം മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം നീണ്ടത് ഏതാണ്ട് അര നൂറ്റാണ്ടു കാലമാണ്. ഗുഹയിൽ നിന്ന് 1977 ജനുവരിയിലാണ് തണുത്തുറഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആരുടേതാണെന്ന അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.

പല രീതിയിലും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് 2019ൽ ഫോറൻസിക് സയൻസിലെ പുരോഗതി ഉത്തരം നൽകുമെന്ന പ്രതീക്ഷയിൽ മൃതദേഹം പുറത്തെടുത്ത് കേസ് വീണ്ടും അന്വേഷിക്കാൻ അധികാരികൾ തീരുമാനിച്ചു.

അന്നത്തെ ബെർക്‌സ് കൗണ്ടി ചീഫ് ഡെപ്യൂട്ടി കോറോണറായിരുന്ന ജോർജ് ഹോംസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും അധികം മുന്നോട്ടു പോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഈ മനുഷ്യൻ പിനാക്കിൾ മാൻ എന്നറിയപ്പെടുന്ന ഒരു രഹസ്യമായി മാറി. പതിറ്റാണ്ടുകൾ നീണ്ട ആ അദൃശ മനുഷ്യനാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ബെർക്‌സ് കൗണ്ടി ഫോറൻസിക് വിദഗ്ധർ മൃതദേഹ പരിശോധന നടത്തുകയും ഡി.എൻ.എ സാമ്പിളുകൾ എടുക്കുകയും വിശദാംശങ്ങൾ ദേശീയ മിസ്സിംഗ് ആൻഡ് അൺ ഐഡന്റിഫൈഡ് പേഴ്‌സൺ സിസ്റ്റത്തിൽ (ഡാറ്റാ ബേസ്) ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ കാണാതായ കേസുകളുമായി സാമ്പിളുകൾ പൊരുത്തപ്പെട്ടിരുന്നില്ല. ഈ വർഷം ഓഗസ്റ്റിൽ പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് ഡിറ്റക്ടീവായ ഇയാൻ കെക്ക് 1977ലെ പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് നഷ്ടപ്പെട്ട വിരലടയാള വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കെക്ക് ഉടൻ തന്നെ വിരലടയാളം ഡാറ്റാ ബേസിൽ സമർപ്പിച്ചു. ഒരു മണിക്കൂറിനുള്ളിൽ എഫ്.ബി.ഐ വിരലടയാള വിദഗ്ധൻ പൊരുത്തം സ്ഥിരീകരിക്കുകയായിരുന്നു.

പെൻസിൽവാനിയയിലെ ഫോർട്ട് വാഷിങ്ടണിൽ നിന്നുള്ള നിക്കോളാസ് പോൾ ഗ്രബ്ബ് എന്ന 27കാരന്റെതാണ് മൃതശരീരമെന്ന് ബെർക്‌സ് കൗണ്ടി കൊറോണർ ഓഫിസ് ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. വിവരം ഗ്രബ്ബിന്റെ കുടുംബത്തെ അറിയിക്കുകയും ശരീരാവശിഷ്ടങ്ങൾ കുടുംബത്തിലേക്ക് കൊണ്ടു വരികയും ചെയ്തു.

Tags:    
News Summary - fingerprinting; The body of the youth was identified after four decades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.