ന്യൂഡൽഹി: ലോകത്തിലെ സംഘർഷ, സമര, ദുരന്ത ഭൂമികളെ ചിത്രങ്ങൾ കൊണ്ട് വിവരിച്ച ഫോട്ടോ ജേണലിസ്റ്റ്. അതായിരുന്നു ഡാനിഷ് സിദ്ദിഖി. 2020ലെ പൗരത്വ പ്രക്ഷോഭം, ഡൽഹി കലാപം, കോവിഡ് മഹാമാരിയുടെ താണ്ഡവം, ലോക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടങ്ങിയ ചിത്രങ്ങൾ നൂറായിരം വാക്കുകൾക്ക് പകരമായിരുന്നു. അത്തരത്തിൽ ഒരു സംഘർഷ ഭൂമിയിൽ കൊല്ലപ്പെടാനായിരുന്നു അദ്ദേഹത്തിന്‍റെ നിയോഗവും.
കാണ്ഡഹാറിൽ താലിബാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ചിത്രം പകർത്തുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ചയായിരുന്നു അവസാനമായി മേഖലയിൽനിന്ന് സിദ്ദീഖി ചിത്രം പകർത്തി പുറത്തുവിട്ടത്. കാണ്ഡഹാറിലെ താലിബാൻ ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ഒരു സംഭവം നടക്കുന്ന സ്ഥലത്ത് ഒരാൾ ഇല്ലെങ്കിൽ അയാൾക്ക് കാണാനും അനുഭവിക്കുകയും ചെയ്യുന്ന തരത്തിൽ ചിത്രം പകർത്താനായിരുന്നു സിദ്ദിഖിയുടെ എക്കാലത്തെയും ശ്രമം.
2015ലെ നേപ്പാൾ ഭൂകമ്പം, 2017ലെ ഇറാഖിലെ മൊസൂൾ യുദ്ധം, മ്യാൻമറിലെ റോഹിങ്ക്യൻ പലായനം തുടങ്ങിയവയുടെ ചിത്രങ്ങൾ ചരിത്രത്താളുകളിൽ ഇടംപിടിച്ചു.
2017ൽ റോഹിങ്ക്യൻ അഭയാർഥികളുടെ ചിത്രത്തിന് പുലിറ്റ്സർ പുരസ്കാരം ലഭിച്ചു. 'ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്ന ചിത്രം ഇതാണ്' -എന്നായിരുന്നു പുലിസ്റ്റർ പുരസ്കാരത്തിന് അർഹമായ ചിത്രത്തെക്കുറിച്ച് അന്ന് അദ്ദേഹം പറഞ്ഞത്. മ്യാൻമറിലെ റോഹിങ്ക്യൻ പലായനത്തിനിടെ പകർത്തിയ സ്ത്രീയുടെ ദയനീയ ചിത്രമായിരുന്നു അത്.
റോയിേട്ടർസ് ഇന്ത്യ മൾട്ടിമീഡിയ ടീമിന്‍റെ ചീഫായിരുന്നു 41കാരനായ സിദ്ദിഖി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ ചിത്രങ്ങളിലൂടെ തുറന്നുകാണിക്കാൻ ആഗ്രഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
പൗരത്വ പ്രക്ഷോഭം, ഡൽഹി കലാപം, കോവിഡ് മഹാമാരി എന്നിവയുടെ സിദ്ദിഖി പകർത്തിയ ചിത്രങ്ങൾ മറുപടി പറയാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന അവസ്ഥയിലേക്ക് കേന്ദ്രസർക്കാറിനെ എത്തിച്ചു. കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ ഇന്ത്യ നേരിട്ട നിസ്സഹായാവസ്ഥയുടെ നേർചിത്രം ഒറ്റ ഫ്രെയിമിൽ അദ്ദേഹം വിവരിച്ച് നൽകിയിരുന്നു. ശ്മശാനത്തിൽ രാപകൽ വ്യത്യാസമില്ലാതെ കത്തിക്കൊണ്ടിരിക്കുന്നതും കത്തിതീർന്നതുമായ ചാരക്കൂമ്പാരങ്ങളുടെ ചിത്രമായിരുന്നു അത്. ലോകത്തിന് മുമ്പിൽ കോവിഡ് ഇന്ത്യയെ കാർന്നുതിന്നുന്നതെങ്ങനെയെന്ന് ആ ചിത്രം വിവരിച്ചു.
പൗരത്വ പ്രക്ഷോഭത്തിനിടെ ജാമിയ മില്ലിയ സർവകലാശാലക്ക് സമീപം അക്രമികൾ വെടിയുതിർക്കുന്ന ചിത്രവും ഹിന്ദു അനുകൂല മുദ്രവാക്യം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം യുവാവിനെ ആൾക്കൂട്ടം മർദിക്കുന്ന ചിത്രവുമെല്ലാം ചരിത്രത്തിലെ നാഴികകല്ലുകളായി തീർന്നിരുന്നു.
ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ സിദ്ദീഖി ജാമിഅയിൽ നിന്നുതന്നെ മാധ്യമപഠനവും പൂർത്തിയാക്കുകയായിരുന്നു. ടെലിവിഷൻ ന്യൂസ് കറസ്പോണ്ടന്‍റായി മാധ്യമപ്രവർത്തനം ആരംഭിച്ചു. 2010ൽ റോയിട്ടേഴ്സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇേന്റൺ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു.
തുടര്‍ന്ന് റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയായി മാറി അദ്ദേഹം. റോയിട്ടേഴ്‌സിനു പുറമെ നാഷനൽ ജിയോഗ്രഫിക് മാഗസിൻ, ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ, ടൈം മാഗസിൻ, ന്യൂസ്‌വീക്ക്, ബിബിസി, സൗത്ത് ചൈന മോണിങ് പോസ്റ്റ്, ദ് ഇൻഡിപെൻഡെന്‍റ്, ദ് ടെലഗ്രാഫ്, ഗൾഫ് ന്യൂസ്, ദ ഓസ്‌ട്രേലിയൻ തുടങ്ങിയവയും സിദ്ദീഖിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.