പോളിയോ ബാധിച്ച് ശരീരം തളർന്ന് 10 മാസം പ്രായമുള്ള കുഞ്ഞ്; ഗസ്സയിലെ മാനുഷിക ദുരിതം സങ്കീർണമാകുമെന്ന് യു.എൻ മുന്നറിയിപ്പ്

ഗസ്സ സിറ്റി: വെടിനിർത്തൽ അന്തമായി നീണ്ടുപോകുന്നത് ഗസ്സയിലെ മാനുഷിക ദുരിതം സങ്കീർമാക്കുമെന്ന് മുന്നറിയിപ്പ് നൽകി യു.എൻ ദുരിതാശ്വാസ പ്രവർത്തന ഏജൻസി. എത്രയും പെട്ടെന്ന് ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് പോളിയോ മരുന്ന് ലഭ്യമാക്കണമെന്ന് യു.എൻ.ആർ.ഡബ്ല്യു.എ ജനറൽ കമ്മീഷണർ ഫിലിപ്പ്‍ ലസാരിനി ആവശ്യപ്പെട്ടു.

പോളിയോ ബാധിച്ച് ഗസ്സയിൽ 10 മാസം പ്രായമുള്ള കുഞ്ഞ് രോഗക്കിടക്കിയിലാണ്. കുഞ്ഞിന്റെ ശരീരം പൂർണമായും തളർന്ന അവസ്ഥയിലാണ്. 25 വർഷത്തിനിടെ ആദ്യമായാണ് ഗസ്സയിൽ ഇത്തരത്തിലൊരു കേസ് സ്ഥിരീകരിക്കുന്നത്.

അതിനിടെ, ഗസ്സയിലേക്ക് സഹായം വൈകുന്നതും വെടിനിർത്തൽ നീളുന്നതും മാനുഷിക ദുരിതം ഇരട്ടിയാക്കുമെന്നും ലസാരിനി മുന്നറിയിപ്പ് നൽകി. പോളിയോ വാക്സിൻ നൽകുന്നതിൽ ഫലസ്തീൻ കുട്ടികളെന്നും ഇസ്രായേലിലെ കുട്ടികളെന്നും വ്യത്യാസമില്ല. വാക്സിനുകൾ എത്തിച്ചാൽ മാത്രം പോര, ഡോസുകൾ തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും വേണമെന്നും ലസാരിനി പറഞ്ഞു.

ഗസ്സയിലെ 10 വയസ്സിന് താഴെയുള്ള 6,40,000ത്തിലധികം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനായി ഈ മാസം അവസാനം രണ്ട് ഘട്ടങ്ങളിലായി വാക്സിനേഷൻ കാമ്പെയ്ൻ ആരംഭിക്കാൻ പദ്ധതിയിടുന്നതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രഖ്യാപിച്ചിരുന്നു.

വാക്സിനേഷൻ നടപ്പാക്കുന്നതിനായി വെടിനിർത്തൽ വേണമെന്ന യു.എൻ ആഹ്വാനം ഹമാസ് അംഗീകരിച്ചിരുന്നു. ആഗസ്റ്റ് 16നാണ് 10 മാസം പ്രായമുള്ള കുട്ടിക്ക് പോളിയോ സ്ഥിരീകരിച്ചത്. 25 വർഷമായി പോളിയോ മുക്തമാണ് ഗസ്സയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബറിനു ശേഷമാണ് കാര്യങ്ങൾ വഷളായതെന്നും ​ലോകാരോഗ്യ സംഘടന സൂചിപ്പിച്ചു. അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന വൈറൽ രോഗമാണ് പോളിയോ. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഇത് പകരും. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. മരുന്നുകള്‍, ശുചിത്വ പരിപാലന ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ്, മലിനജലം, സംസ്‌കരിക്കാത്ത മൃതദേഹങ്ങള്‍ എന്നിവയെല്ലാം രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കും. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതോടെ ഗസയിലെ 70 ശതമാനം ഓവുചാലുകളും തകര്‍ന്ന നിലയിലാണ്. ശുദ്ധീകരണ പ്ലാന്റുകള്‍ ഒന്നുപോലും നിലവില്‍ പ്രവര്‍ത്തിക്കുന്നുമില്ല.

Tags:    
News Summary - Delayed humanitarian pause in Gaza could fuel polio outbreak in children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.