ജറൂസലം: അധിനിവേശ സേനയുടെ 10 മാസം നീണ്ട ആക്രമണത്തിൽ സർവതും തകർന്ന ഗസ്സയിലെ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം തുടങ്ങി. 24 മണിക്കൂറിനിടെ 20 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസൈറത്തിലും സമീപവും അഭയാർഥികൾ താമസിക്കുന്ന ബഹുനില കെട്ടിടം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ഡോക്ടറും കുടുംബവും, വലതു കാൽ മുറിച്ചുമാറ്റിയ കുട്ടിയും ഉൾപ്പെടും.
യു.എൻ ആവശ്യപ്രകാരം മൂന്നുദിവസം താൽക്കാലികമായി വെടിനിർത്താമെന്ന് ഇസ്രായേൽ സമ്മതിച്ചതോടെയാണ് വാക്സിനേഷന് തുടക്കമായത്. ഖാൻ യൂനുസിലെ നാസർ ആശുപത്രിയിൽ 10 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകിയതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 6.50 ലക്ഷം കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുക. ഞായറാഴ്ചയാണ് പൂർണതോതിൽ വാക്സിനേഷൻ നടപ്പാക്കുക.
ശനിയാഴ്ച വിവിധ ഭാഗങ്ങളിൽനിന്ന് 89 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായും 205 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, വെസ്റ്റ് ബാങ്കിലെ ഗുഷ് എറ്റ്സിയോണിൽ ഇസ്രായേൽ കുടിയേറ്റ മേഖലയിൽ രണ്ട് കാർ ബോംബ് സ്ഫോടനത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടില്ല. എന്നാൽ, കുടിയേറ്റക്കാരുടെ സുരക്ഷ സംവിധാനത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. സ്ഫോടന ശേഷം ഇസ്രായേൽ സേന കൊലപ്പെടുത്തിയ മുഹമ്മദ് മർഖയുടെയും സൂധി അഫിഫെയുടെയും മൃതദേഹങ്ങൾ കൈമാറിയില്ലെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയുടെ തിരച്ചിലും ആക്രമണവും തുടരുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. ജെനിൻ, തുൽകറേം അഭയാർഥി ക്യാമ്പുകളിൽ ചൊവ്വാഴ്ച തുടങ്ങിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 20 കവിഞ്ഞു.
ജെനിൻ പട്ടണത്തിൽ ഇസ്രായേൽ ഉപരോധം കാരണം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യമോ ലഭിക്കാതെ കടുത്ത പ്രതിസന്ധിയുണ്ട്. ഗസ്സയിൽ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40,691 ആയി. 94,060 പേർക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.